വൈദ്യന് കൊലക്കേസ് പ്രതി ഷൈബിന് ഗള്‍ഫ് വേദികളില്‍; പ്രമുഖര്‍ക്കൊപ്പമുള്ള പഴയ ചിത്രങ്ങള്‍ പുറത്ത്
വയനാട്ടിലെ രാഷ്ട്രീയവേദികളില്‍ സജീവസാന്നിധ്യമായിരുന്ന വ്യക്തി കൂടിയാണ് ഷൈബിന്.
13 May 2022 4:15 PM GMT
ജോയല്‍ സി ജോസ്

വൈദ്യന് കൊലക്കേസ് പ്രതിയായ ഷൈബിന് അഷ്റഫ് പ്രമുഖ മുസ്ലിംലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. 2014ല്‍ ദുബായില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ എംകെ മുനീറിനൊപ്പം നില്ക്കുന്ന ചിത്രവും ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ ഐസി ബാലകൃഷ്ണന് എംഎല്‍എയ്ക്കൊപ്പം വേദി പങ്കിടുന്ന ചിത്രവുമാണ് പുറത്തുവന്നിരിക്കുന്നത്. വയനാട്ടിലെ രാഷ്ട്രീയവേദികളില്‍ സജീവസാന്നിധ്യമായിരുന്ന വ്യക്തി കൂടിയാണ് ഷൈബിന്.
വൈദ്യനെ ക്രൂരമായി കൊന്നത് കൃത്യമായ ആസൂത്രണത്തോടെ
നിലമ്പൂരില്‍ വൈദ്യനെ ക്രൂരമായി കൊന്ന സംഭവം കൃത്യമായ ആസൂത്രണത്തോടെയെന്ന് തെളിയുന്ന പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. വൈദ്യന് ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി മുറിച്ച ഷൈബിന്റെ വീട്ടിലെ ശുചിമുറിയിലെ ടൈല്‍ പൊളിച്ചു മാറ്റിയെന്നാണ് വിവരം. ഈ ടൈലുകള്‍ വീടിന് മുന്നില്‍ തന്നെ മാലിന്യത്തോടൊപ്പം ഉപേക്ഷിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൈല്‍ കണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ കൈപ്പഞ്ചേരി സ്വദേശി നൗഷാദിനെ വിവിധ ഇടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി തീരുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയിലും നൗഷാദിനെ ചോദ്യം ചെയ്തിരുന്നു. കൊലപാതകം നടന്ന ഷൈബിന്റെ വീട്ടിലും മൃതദേഹം പുഴയിലേക്കെറിഞ്ഞ എടവണ്ണ പാലത്തിലും ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടന്നത്. പാലത്തിനു താഴെ നാളെയായിരിക്കും തെളിവെടുപ്പ് നടത്തുക.
മുഖ്യപ്രതി ഷൈബിന് അഷ്റഫെങ്കിലും കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് നാഷാദില് നിന്നാണ്. ഇതിനാലാണ് നൗഷാദിനെ മാത്രം ആദ്യം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച കൂടുതല്‍ തെളിവുകളുടെയും, വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. സംസ്ഥാനം വിട്ട രണ്ടു പേരുള്‍പ്പെടെ പിടിയിലാകാനുള്ള അഞ്ച് പേരെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് ഇവര്‍ കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. മൈസൂരുവില്‍നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോരാന്‍ സഹായിച്ച ഇവരും മലയാളികളാണ്. ഷൈബിന് അഷ്റഫിന് പുറമെ അറസ്റ്റിലായ നിഷാദ്, ഷിഹാബുദ്ധീന് എന്നിവര്‍ മഞ്ചേരി സബ് ജയിലിലാണ്.
- TAGS:
- Shaibin Ashraf
- Nilambur
- Kerala