Top

'ഡ്രൈവിംഗ് സീറ്റില്‍ ഡാന്‍സ് കളിച്ചതും ജോമോന്‍ തന്നെ'; കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

ഗുരുതരമായ നിയമലംഘനമാണ് ഇതിലൂടെ ജോമോന്‍ നടത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

7 Oct 2022 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡ്രൈവിംഗ് സീറ്റില്‍ ഡാന്‍സ് കളിച്ചതും ജോമോന്‍ തന്നെ; കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
X

ടൂറിസ്റ്റ് ബസ് ഓടിക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയാണെന്ന് വടക്കഞ്ചേരി അപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോന്‍. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളാണെന്നും ജോമോന്‍ പൊലീസിനോട് സമ്മതിച്ചു.

വിദ്യാര്‍ഥി സംഘത്തിനൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു ഈ സംഭവം. വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതിന് പിന്നാലെ ആലത്തൂര്‍ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ ഡാന്‍സ് കളിച്ചത് താന്‍ തന്നെയെന്ന് ജോമോന്‍ സമ്മതിച്ചത്.

ഗുരുതരമായ നിയമലംഘനമാണ് ഇതിലൂടെ ജോമോന്‍ നടത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് തീരുമാനം.

ഇതിനിടെ, ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്കും പൊലീസ് കേസെടുത്തു. ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഇത്. കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിള്‍ അയച്ചിരിക്കുന്നത്. വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ജോമോനെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണം എന്ന കാര്യം തീരുമാനിക്കാന്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ജോമോനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്.

വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് നേരത്തെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും എസ് ശ്രീജിത്ത് അറിയിച്ചു.

അതേസമയം, ജോമോന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോമോനെതിരെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിച്ചതുള്‍പ്പെടെ രണ്ട് കേസുകളുണ്ട്.

Next Story