Top

വടക്കഞ്ചേരി അപകടം: 'ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസും റദ്ദാക്കും'

ബസില്‍ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും എസ് ശ്രീജിത്ത്.

6 Oct 2022 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടക്കഞ്ചേരി അപകടം: ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസും റദ്ദാക്കും
X

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. ബസില്‍ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ ജോമോന്‍, ബസുടമ അരുണ്‍, ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ജോമോന്‍ പത്രോസിനെ ചവറ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. അഭിഭാഷകനെ കാണാന്‍ പോകുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് എസ്പി ആര്‍ വിശ്വനാഥ് പറയുന്നത്. പരുക്കുമായി എത്തിയത് കൊണ്ട് ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അപകട ശേഷം അധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോന്‍ മുങ്ങിയത്. കൈയ്ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാള്‍ അധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നും സൂചനയുണ്ടായിരുന്നു.

ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍.

വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

Next Story

Popular Stories