ഇതാവുമോ ഉദ്ദേശിച്ചത് ? സുധാകരന്റെ 'ഫ്ളൈ ഇന്‍ കേരള'യെ ട്രോളി ശിവന്‍കുട്ടി
ഇങ്ങനെ മതിയോ എന്ന് ചോദിച്ചു കൊണ്ടുള്ള ബസ്സിന് ചിറകുകള് വച്ച ചിത്രമാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്
20 March 2022 4:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെ റെയിലിന് ബദലായി 'ഫ്ളൈ ഇന്‍ കേരള' വിമാനത്തെ മുന്നിലേക്ക് വെച്ച കെപിസി.സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കെ റെയിലിന് പകരം ബസ്സുകള്‍ പോലെ വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് സുധാകരന് മുന്നോട്ട് വച്ചത്. ഇതിനെ ട്രോളി കൊണ്ടാണ് വി ശിവന്‍കുട്ടി രംഗത്തെത്തിയത്.
ഇങ്ങനെ മതിയോ എന്ന് ചോദിച്ചു കൊണ്ടുള്ള ബസ്സിന് ചിറകുകള് വച്ച ചിത്രമാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, ഫ്ളൈ ഫ്ളൈ എന്നും ചിത്രം ഷെയര്‍ ചെയ്ത് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാനസര്‍വ്വീസ് നടത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന് സുധാകരന് പറഞ്ഞിരുന്നു. കുടിയൊഴിപ്പിക്കലും പരിസ്ഥിതിക്ക് ദോഷം ഉണ്ടാവലും വിമാന പദ്ധതി വഴി ഇല്ലാതാവുമെന്നും പറഞ്ഞ സുധാകരന് ഈ പദ്ധതിക്ക് ഫ്ളൈ ഇന്‍ കേരള എന്ന പേര് നല്‍കാമെന്നും സൂചിപ്പിച്ചിരുന്നു. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും ഫ്ളൈഇന്‍ കേരള പ്രയോഗം അര്‍ത്ഥമാക്കുന്നു.
മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്നപരിഹാരമുണ്ടാകും. ഫ്ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാനടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താം. എന്തെങ്കിലും കാരണവശാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാവുകയില്ല. ഫ്ളൈറ്റ് ടിക്കറ്റിന് സാധാരണ ചെയ്യുന്നത് പോലെ നിരക്ക് സ്പോട്ടില്‍ വര്‍ധിക്കുന്ന രീതി കൂടി ഒഴിവാക്കി എല്ലാ ടിക്കറ്റിനും ഒരേ നിരക്ക് ആക്കുകയും ചെയ്താല്‍ കൂടുതല്‍ സൗകര്യമാകുമെന്നും സുധാകരന് പറഞ്ഞു.
''എന്നാല്‍ മറ്റൊരു പ്രശ്നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ നമ്മള് വിമാനത്താവളത്തിലേക്ക് പോകുന്നത് സ്വന്തം കാറിലോ ടാക്സിയിലോ ആണ്. ഇത് വളരെ ചിലവേറിയ മാര്‍ഗമാണ്. വിമാനടിക്കറ്റിനേക്കാളും പണം ഈ യാത്രക്ക് ചിലവാക്കേണ്ടി വരുന്നവരുണ്ട്. മാത്രമല്ല വിദേശത്ത് നിന്നും വരുന്നവരെ കൂട്ടാന്‍ വെളുപ്പിന് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന എത്രയോ വാഹനാപകടങ്ങളെ കുറിച്ച് നാം വായിച്ചിട്ടുണ്ട്. കര്‍ണാടക ആര്‍ടിസി ചെയ്യുന്നത് അവിടെ ഒരു എസി ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് മൈസൂര്‍ നിന്നും മറ്റു ചെറിയ ടൗണുകളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടു ബസുകള്‍ പുറപ്പെടും.'' അതേ മാതൃകയില്‍ കുറക്കൂടി വിപുലമായ ഒരിടത്തും വലുപ്പത്തിലുള്ള ഫ്ളൈ ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണമെന്നും സുധാകരന് നിര്‍ദേശിക്കുന്നു.
കെ റെയില്‍ സര്‍വേകല്ല് സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരം നടക്കുകയാണ്.
STORY HIGHLIGHTS: v shivankutty trolled k sudhakaran's statement about 'fly in kerala'