Top

'വിവാദമാകുന്ന യൂണിഫോം പാടില്ല'; കേരള സംസ്‌കാരത്തിന് ചേര്‍ന്ന യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി.

22 April 2022 11:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദമാകുന്ന യൂണിഫോം പാടില്ല; കേരള സംസ്‌കാരത്തിന് ചേര്‍ന്ന യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിവാദമാകുന്ന യൂണിഫോം പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ യൂണിഫോം സംബന്ധിച്ച് അതാത് സ്കൂളുകള്‍ക്ക് തീരുമാനിക്കാം. കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. കേരള സംസ്കാരത്തിന് ചേർന്ന യൂണിഫോം ആയിരിക്കണം തീരുമാനിക്കേണ്ടതെന്നും മന്ത്രി നിർദേശിച്ചു. നേരത്തെ യൂണിഫോം സംബന്ധിച്ചുയർന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വിവാദമാകുന്ന യൂണിഫോമുകള്‍ തീരുമാനിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എല്‍പി, യുപി സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലത്. യൂണിഫോമിനെ സംബന്ധിച്ച് പല സ്ഥലങ്ങളിലും പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. അതാത് സ്കൂളുകളിലെ പിടിഎ, സ്‌കൂള്‍ അധികാരികള്‍, ലോക്കല്‍ ബോഡി എന്നിവർക്ക് യൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 9,5860 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും. 120 കോടിയാണ് കൈത്തറി യൂണിഫോമുകള്‍ക്കായി ഈ വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത്. യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് ആറിന് കോഴിക്കോട് വെച്ച് നടത്തും.

നേരത്തെ കോഴിക്കോട് ബാലുശ്ശേരിയിലെ സ്കൂളിൽ ലിം​ഗഭേദമായ (ജെൻഡ്രൽ ന്യൂട്രൽ) യൂണിഫോം നടപ്പിലാക്കിയതിനെതിരെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ലിം​ഗഭേദ യൂണിഫോം സ്കൂളുകളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ല. എല്ലാ സ്കൂളുകളിലും ഈ സംവിധാനം നടപ്പാക്കണമോയെന്ന് അതാത് സ്കൂളുകളിലെ പിടിഎ തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ചു നടത്താമെന്ന് വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.

ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടെ ചേർന്നായിരിക്കും ഈ വിഷയത്തിൽ തീരുമാനമെടുക്കുക എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

STORY HIGHLIGHTS: the Minister of Education said that a comfortable uniform is good in schools

Next Story