Top

353 അധ്യാപകർക്കും നാളെ പ്രവേശനോത്സവം; വിക്ടേഴ്സിന് സമാനമായി മറ്റൊരു ചാനൽ കൂടി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

31 May 2022 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

353 അധ്യാപകർക്കും നാളെ പ്രവേശനോത്സവം; വിക്ടേഴ്സിന് സമാനമായി മറ്റൊരു ചാനൽ കൂടി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: പിഎസ് സി നിയമനം വഴി 353 അധ്യാപകർ പ്രവേശനോത്സവ ദിവസം സ്‌കൂളുകളിലെത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ അധ്യാപകരുടെ ഒഴിവ് സംബന്ധിച്ച കൃത്യമായ കണക്കില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ കുറവുള്ള ഇടങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഒഴിവ് സംബന്ധിച്ച കണക്ക് ഉടൻ ശേഖരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"സ്കൂളുകൾ തുറക്കുമ്പോൾ ഓൺലൈൻ ക്ലാസുകൾ കൂടുതൽ ശക്തിപ്പെടുത്തും. വിക്ടേഴ്സിന് സമാനമായി മറ്റൊരു ചാനൽ കൂടി ആരംഭിക്കും. സ്കൂൾ ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകളുടെ സമയം പുനർക്രമീകരിക്കും" മന്ത്രി പറഞ്ഞു.

42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8ലക്ഷം അധ്യാപകരുമാണ് നാളെ സ്‌കൂളിലെത്തുന്നത്. കൊവിഡിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞു എന്ന ശാസ്ത്രീയ കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ പ്രവർത്തനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണം സംബന്ധിച്ച പരാതികൾക്ക് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. പിടിഎ ഫണ്ടുകൾ വാങ്ങുമ്പോൾ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി കൂടി പരി​ഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള വിവേചനത്തിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

312.88 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായും വി ശിവൻക്കുട്ടി അറിയിച്ചു. സൗജന്യ സ്‌കൂൾ യൂണിഫോം, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള 288 സ്‌കൂളുകൾക്ക് ധനസഹായം, ഇ-ഗവേണൻസ്, ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണം, കേരളാ സ്‌കൂൾ കലോത്സവം, ഹയർ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തൽ, കായിക നിലവാരം മെച്ചപ്പെടുത്തൽ, സർക്കാർ - എയിഡഡ് സ്‌കൂളുകളിൽ 3 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തൽ, സ്‌കൂൾ വിദ്യാഭ്യാസം ആധുനികവൽക്കരണം ഗ്രീൻ ഓഫീസ്, സ്മാർട്ട് ഓഫീസുകളെ ഹരിതവൽക്കരിക്കൽ , ഉദ്യാനങ്ങൾ മനോഹരമാക്കൽ, മാലിന്യനിർമ്മാർജ്ജനം, കൈറ്റ് - വിക്‌ടേഴ്‌സ്, സാക്ഷരതാ മിഷൻ, സമഗ്രശിക്ഷാ കേരള എന്നിങ്ങനെയുള്ള പദ്ധതികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 12986 സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും.

STORY HIGHLIGHTS: Education Minister V Sivankutty said that 353 teachers have been recruited through PSC

Next Story