Top

'കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവം'; റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

26 Dec 2021 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവം; റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി
X

എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ നടത്തിയ ആക്രമണത്തില്‍ ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെത്തെ അക്രമത്തില്‍ 151 തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്.

‌അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ ആരോപിച്ചു. കിറ്റക്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികള്‍ അഞ്ചു പേര്‍ക്ക് കഴിയാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാര്‍ക്കുകയാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും എംഎല്‍എ വിമര്‍ശിച്ചു.

ഇന്നലെ രാത്രിയാണ് ക്രിസ്മസ് കരോളിനിടെ തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇത് തടയാന്‍ വന്ന പൊലീസിനെ തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും രണ്ട് പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. പരിക്കേറ്റ അ‍ഞ്ച് പൊലീസുദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Next Story