Top

'വാരിക്കോരിയാണ് അവന് പണം കൊടുത്തത്, മകൾ ആശുപത്രിയിൽ കിടക്കുമ്പോൾ പോലും'; സൂരജിനെക്കുറിച്ച് ഉത്രയുടെ അമ്മ

13 Oct 2021 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാരിക്കോരിയാണ് അവന് പണം കൊടുത്തത്, മകൾ ആശുപത്രിയിൽ കിടക്കുമ്പോൾ പോലും; സൂരജിനെക്കുറിച്ച് ഉത്രയുടെ അമ്മ
X

ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി ഉത്രയുടെ അമ്മ മണിമേഖല. തന്റെ മകളെ ചിരിച്ചുകൊണ്ട് ചതിക്കുകയായിരുന്നു സൂരജെന്നും മകൾ മരിക്കുന്നതു വരെ നിരന്തരം തങ്ങളിൽ നിന്നും സൂരജ് പണം വാങ്ങിയിരുന്നെന്നും മണിമേഖല റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

ഉത്രയുടെ അമ്മയുടെ വാക്കുകൾ,

എന്റെ മകൾ ശുദ്ധ​ഗതിക്കാരിയും പാവവുമായിരുന്നു. ഇതുപോലുള്ള അതിമോ​ഹ​ങ്ങളെ അവൾ തിരിച്ചറിഞ്ഞില്ല. സൂരജ് ചിരിച്ചുകൊണ്ട് അവളുടെ കഴുത്തറക്കുകയായിരുന്നു. ഞങ്ങളുടെ വീടുമായി വെച്ച് നോക്കുമ്പോൾ അവന്റെ കുടുംബം സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്നു. അവരും ഞങ്ങളോടൊപ്പം ആയിക്കൊള്ളട്ടെ എന്ന് കരുതി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി മകൾക്ക് സ്ത്രീധനമായി കൊടുത്തിരുന്നു. പക്ഷെ അവന് സമ്പത്ത് മൂടോടെ പിഴുത് കൊണ്ട് പോവണമെന്നായിരുന്നു.

ഇത് സംബന്ധിച്ച് ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായി മകളെ ഞങ്ങൾ വിളിച്ചു കൊണ്ടുവരാൻ ഒരുങ്ങി. അവളെ വിളിച്ചോട്ട് വന്നാൽ സമ്പത്ത് അവന് കിട്ടില്ല എന്ന തോന്നലുണ്ടായി. അത് കൊണ്ടാണ് അവൻ ഇങ്ങനെ ചെയ്തത്. അവന്റെ ലക്ഷ്യം എന്നത് മകളോടൊപ്പമുള്ള ജീവിതമല്ലായിരുന്നു. സാമ്പത്തികമായി പരമാവധി കൈക്കലാക്കലായിരുന്നു അവന്റെ ലക്ഷ്യം. ജീവിക്കാനാണെങ്കിൽ അവനീ ചുറ്റുപാട് വെച്ച് അന്തസ്സായി നല്ല രീതിയിൽ ജീവിക്കാനുള്ള ചുറ്റുപാട് ഞങ്ങൾ കൊടുത്തേനെ. അപ്പോൾ അതായിരുന്നില്ല അവന്റെ ലക്ഷ്യം. രേഖയിലൊന്നും വന്നതു പോലെയല്ല. വാരിക്കോരിയാണ് അവന് കൊടുത്തത്. അവൻ ഒരുദിവസം കഴിഞ്ഞിരുന്നത് പോലും ഇവിടെ നിന്ന് കൊണ്ടുപോയാണ്. പറയുന്നത് മോശമാണെന്ന് തോന്നും എങ്കിലും പറയാതിരിക്കാൻ നിർവാഹമില്ല.

അവൾക്ക് ചെറിയ കുറവുകളുണ്ടെന്ന് അവനെയും കുടുംബത്തെയും പറഞ്ഞ് ധരിപ്പിച്ചിരുന്നു. അതവന് ഉൾക്കൊള്ളാൻ പറ്റും എന്ന് പറഞ്ഞത് കൊണ്ടാണ് വിവാഹം നടത്തിയത്. ഒരു തവണ സ്ത്രീധനമായി മാത്രമല്ല സൂരജിന് പണവും മറ്റും നൽകിയത്. ഒരു ചെയിൻ പോലെയായിരുന്നു. എന്റെ മകൾക്ക് പാമ്പ് കടിയേൽക്കുന്ന സമയം വരെ തുടർച്ചയായിട്ട് പണം കൊടുത്തിരുന്നു.

Popular Stories

    Next Story