Top

കോടികളുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് നടത്തിയ നിഷാദുമായി ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിക്ക് ബന്ധം

കൊച്ചിയിൽ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു

5 Jan 2022 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടികളുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് നടത്തിയ നിഷാദുമായി ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിക്ക് ബന്ധം
X

പാലക്കാട്: നടൻ ഉണ്ണി മുകുന്ദൻറെ വീട്ടിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരിൽ നിന്നായി തട്ടിച്ച കേസിൽ പ്രധാന പ്രതിക്ക് താരത്തിന്റെ നിർമ്മാണ കമ്പനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധനയുണ്ടായത്. 1200 കോടിരൂപയുടെ മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശിയായ കെ നിഷാദിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഇയാൾ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഒളിവിൽ കഴിയുകയാണ്.

എന്നാൽ, മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആയിരുന്നു പരിശോധന നടത്തിയതെന്നും ഉണ്ണി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ നൽകിയിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. ഇ ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നായിരുന്നു ഇ ഡിയുടെ വിശദീകരണം.

കൊച്ചിയിൽ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു. തമിഴ്നാട്ടിൽ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നിരിക്കുന്നത്. നിഷാദിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കർശന പരിശോധനകൾ നടത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഉണ്ണി മുകുന്ദൻ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടക്കും.

Next Story