Top

'എനിക്കുമൊരു കേസുണ്ട്, അനുഭവിച്ചുകൊണ്ടിരിക്കുകയാണ്'; 'അമ്മ' ഭാരവാഹി യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍

1 May 2022 5:49 PM GMT
വി.എസ് ഹൈദരലി

എനിക്കുമൊരു കേസുണ്ട്, അനുഭവിച്ചുകൊണ്ടിരിക്കുകയാണ്; അമ്മ ഭാരവാഹി യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍
X

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ നിർമാതാവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ചേർന്ന അമ്മ യോ​ഗത്തിൽ വിജയ് ബാബുവിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ. പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. ഞാൻ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു.

2018 ൽ ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. നടന്റെ എറണാകുളത്തെ ഫ്‌ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ അതിക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുമായിരുന്നു പരാതിക്കാരിയുടെ ശ്രമമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. ഇക്കാര്യമാണ് ഇന്ന് അമ്മ യോ​ഗത്തിൽ നടൻ ചൂണ്ടിക്കാട്ടിയത്.

വിജയ് ബാബുവിനെതിരായ നടപടിയിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാ​ഗം ആവശ്യപ്പെട്ടത്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങൾ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തു. ഇതോടെ സംഘടനയുടെ ഭാരവാ​ഹിത്വത്തിൽ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

story highlight: Unni mukundan supports vijay babu in amma meeting

Next Story