Top

യുക്രൈന്‍; ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അപകടകരവും മനുഷ്യത്വരഹിതവുമെന്ന് ജോണ്‍ ബ്രിട്ടാസ്

''ഇതൊക്കെ കടന്നാലേ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പറേഷന്‍ ഗംഗയിലേക്ക് എത്താനാകു.''

27 Feb 2022 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രൈന്‍; ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അപകടകരവും മനുഷ്യത്വരഹിതവുമെന്ന് ജോണ്‍ ബ്രിട്ടാസ്
X

സ്വന്തം ചെലവില്‍ അതിര്‍ത്തികളിലേക്ക് പോകണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അപകടകരവും മനുഷ്യത്വരഹിതവുമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എല്ലാവരെയും സുരക്ഷിതരായി അതിര്‍ത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യന്‍ എംബസി ഏറ്റെടുക്കേണ്ടതാണെന്നും യുക്രൈന്‍ അതിര്‍ത്തികളില്‍ എംബസിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഘങ്ങളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്: എവിടെയാണ് സുരക്ഷിത സ്ഥാനം,എങ്ങോട്ടേയ്ക്കാണ് പോകേണ്ടത് എന്നറിയാതെ ആശങ്കയുടെ നടുവിലായ ഒരുപാട്‌പേര്‍ ...കരുതി വെച്ചിരിക്കുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നുപോയേക്കാം എന്ന ഭയവും രക്ഷപെട്ട് എങ്ങനെയും നാട്ടിലെത്താനുള്ള ശ്രമവും. യുക്രൈനില്‍ നിന്നും മലയാളികള്‍ അടക്കം ഒരുപാട് വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ ദിവസങ്ങളായി നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും അറിയുകയാണ്.

വിദ്യാര്‍ത്ഥികളോട് അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചത്. സ്വന്തം ചെലവില്‍ അതിര്‍ത്തികളിലേക്ക് പോകണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണ് എന്ന് പറയേണ്ടി വരുന്നു. 'സ്വന്തം ഉത്തരവാദിത്തത്തില്‍ പടിഞ്ഞാറന്‍ യുക്രൈന്‍ വഴി രക്ഷപ്പെട്ടോളൂ'...യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമിതായിരുന്നു.

മറ്റൊരു വഴിയുമില്ലാതെ ഇറങ്ങിയവര്‍ നേരിട്ടതോ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണവും. സൈന്യം മലയാളി വിദ്യാര്‍ത്ഥികളുടെയടക്കം മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 മണിക്കൂര്‍ പലരെയും തടഞ്ഞുനിര്‍ത്തി,അവര്‍ക്കുനേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു.രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച് അതിര്‍ത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാര്‍ഥികള്‍ ആകട്ടെ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇനിയും അതിര്‍ത്തിയിലേക്കെത്തിപ്പെടാന്‍ പോലും പറ്റാത്തവര്‍ വേറെയും.

ജീവന്‍ പണയം വെച്ച് കിലോമീറ്ററുകളോളം നടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്നത് അതിലും വലിയ ആശങ്കയിലാണ്..വിസ പ്രോസസിംഗ് എന്ന പേരില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നു...മറ്റ് രാജ്യക്കാരുടെ ഉന്തിലും തള്ളിലും പെട്ട്‌പോകുന്നു,പരിക്കേല്‍ക്കുന്നു, മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു..ഇതൊക്കെ കടന്നാലേ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പറേഷന്‍ ഗംഗയിലേക്ക് എത്താനാകു. എല്ലാവരെയും സുരക്ഷിതരായി അതിര്‍ത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം അടക്കം ഇന്ത്യന്‍ എംബസ്സി ഏറ്റെടുക്കേണ്ടതാണ്.

യുക്രൈന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഘങ്ങളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണം.രാജ്യസഭാ എം പി എന്ന നിലയില്‍ വിദേശകാര്യവകുപ്പുമായി നിരന്തരം സംസാരിക്കുന്നുണ്ട്.വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ എസ് ജയ് ശങ്കറിന് ഈ വിഷയവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയച്ചു കഴിഞ്ഞു.

Next Story