മാമച്ചനെ അന്ന് ചാക്കോ തോല്‍പ്പിച്ചു; രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ചാക്കോയെ തോല്‍പ്പിച്ച് അധികാരത്തിലെത്തി മാമച്ചന്‍
പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കവേയും നാടകീയ സംഭവങ്ങളുണ്ടായി.
13 Dec 2022 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോതമംഗലം: കീരംപാറ പഞ്ചായത്ത് ഇനി യുഡിഎഫ് ഭരിക്കും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം നേടിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് വീണ്ടും ഭരണത്തിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാമച്ചന്‍ ജോസഫാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐമ്മിലെ വിസി ചാക്കോയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മാമച്ചന് ഏഴും ചാക്കോയ്ക്ക് ആറും വോട്ട് ലഭിച്ചു. രണ്ട് വര്‍ഷം മുമ്പ് മാമച്ചനെ പരാജയപ്പെടുത്തിയാണ് ചാക്കോ പ്രസിഡന്റായത്.
വരണാധികാരി കോതമംഗലം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ കവിത ആര്‍ നായര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മാമച്ചന്‍ ജോസഫ് ചുമതലയേറ്റെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കവേയും നാടകീയ സംഭവങ്ങളുണ്ടായി. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ യുഡിഎഫിലെ ഒരംഗത്തിന്റെ പേര് എല്‍ഡിഎഫ് അംഗം നിര്‍ദേശിച്ചു.
നാടുകാണിയില്‍ നിന്നുള്ള കോണ്‍ഗ്രസിലെ എംവി ഗോപിയുടെ പേര് എല്‍ഡിഎഫിലെ പത്താം വാര്‍ഡംഗം ആശ ജയപ്രകാശാണ് നിര്‍ദേശിച്ചത്. പതിനൊന്നാം വാര്‍ഡംഗം ലിസി ജോസ് പിന്താങ്ങി. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് പറഞ്ഞ് ഗോപി പിന്‍വാങ്ങിയതോടെ എല്‍ഡിഎഫ് തന്ത്രം പാളി.
കീരംപാറ പഞ്ചായത്ത് കൂടി തിരിച്ചുപിടിച്ചതോടെ മണ്ഡലത്തില്‍ യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തുകളുടെ എണ്ണം അഞ്ചായി. എല്‍ഡിഎഫിന് മൂന്ന് പഞ്ചായത്തുകളാണുള്ളത്. ഭരണം തിരിച്ചുപിടിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തി.
Story Highlights: UDF WIN KEERAMPARA PANCHAYATH AT KOTHAMANGALAM
- TAGS:
- LDF
- UDF
- CPIM
- CONGRESS
- Kothamangalam