Top

'നാടിന്റെ വികസനത്തിന് വേണ്ടി യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ല'; കേരളം തുലഞ്ഞ് പോട്ടെയെന്ന ഭാവമെന്ന് റഹീം

സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാതെ ഡല്‍ഹിയിലും കേരളത്തിനെതിരായ സമരത്തിലാണ് കോണ്‍ഗ്രസ്സ് പ്രതിനിധികളെന്ന് റഹീം പറഞ്ഞു.

24 March 2022 10:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാടിന്റെ വികസനത്തിന് വേണ്ടി യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ല; കേരളം തുലഞ്ഞ് പോട്ടെയെന്ന ഭാവമെന്ന് റഹീം
X

തിരുവനന്തപുരം: കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാതെ ഡല്‍ഹിയിലും കേരളത്തിനെതിരായ സമരത്തിലാണ് കോണ്‍ഗ്രസ്സ് പ്രതിനിധികളെന്ന് റഹീം പറഞ്ഞു. കേരളം തുലഞ്ഞു പോകട്ടെ എന്നാണ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ് ഇന്ന് സഭയ്ക്ക് പുറത്ത് അരങ്ങേറിയതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

'കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയുന്നില്ല. സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഡല്‍ഹിയിലെ കേരളാ വിരുദ്ധ അംബാസിഡറെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കെ സുധാകരന്‍ ഡല്‍ഹിക്ക് പോകുന്നത് തന്നെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പ്രശ്‌നം പരിഹരിക്കാനും, പാര്‍ലമെന്റില്‍ കേരളത്തിനെതിരെ സംസാരിക്കാനുമാണ്', എ എ റഹീം പറഞ്ഞു.

ദേശീയ പാതാ വികസനം, കീഴാറ്റൂര്‍ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസ്സ് ബിജെപി ഐക്യം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റഹീം ആരോപിച്ചു. ഗെയില്‍ പദ്ധതി മുടക്കാന്‍ കോണ്‍ഗ്രസ്സ് പരമാവധി ശ്രമിച്ചു. കേരള വികസനത്തിനായി താന്‍ ഇക്കാലയളവില്‍ നടത്തിയ ഇടപെടലുകളോ, പ്രവര്‍ത്തനനങ്ങളോ വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങള്‍ക്കുമായി എപ്പോഴെങ്കിലും പാര്‍ലമെന്ററില്‍ ഏതെങ്കിലും യുഡിഎഫ് എംപിമാര്‍ മിണ്ടിയിട്ടുണ്ടോ? ജനം ഇതെല്ലാം കാണുന്നുണ്ട്. കോണ്‍ഗ്രസ്സ് ബിജെപി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: UDF MPs do not speak for the development of kerala says a a rahim

Next Story