Top

'പെട്ടിക്കട പോലും ഇടാനാകുന്നില്ല, മന്ത്രി പി രാജീവിന്റേത് സന്ദര്‍ശന തട്ടിപ്പ്'; ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്

വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

17 Nov 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്ടിക്കട പോലും ഇടാനാകുന്നില്ല, മന്ത്രി പി രാജീവിന്റേത് സന്ദര്‍ശന തട്ടിപ്പ്; ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ നവംബര്‍ 28-ന് യുഡിഎഫ് ഹര്‍ത്താല്‍. വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയം, ഭൂ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹര്‍ത്താല്‍.

പട്ടയങ്ങളുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് അടക്കം മുമ്പോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണാതെ ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനായാണ് മന്ത്രി പി രാജീവ് ഇരുപത്തിയെട്ടിന് ഇടുക്കിയിലെത്തുന്നത്. കെട്ടിട നിര്‍മ്മാണ നിരോധനവും ബഫര്‍സോണ്‍ പ്രശ്‌നങ്ങളും നിമിത്തം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതില്‍ പ്രതിഷേധിച്ചും വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.

ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ജില്ലയിലെത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് അതിജീവന പോരാട്ടവേദി അടക്കം മുമ്പ് രംഗത്തെത്തിയിരുന്നു. അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയയിരുന്നു. നിലവില്‍ ഹര്‍ത്താല്‍ നടത്തുന്നതിനൊപ്പം ശക്തമായ ബഹുജന പ്രതിഷേധ പരിപാടികളും സര്‍ക്കാരിനെതിരെ ഇടുക്കിയില് ഉയര്‍ത്തിക്കൊണ്ട് വരാനാണ് യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ ഭൂ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുമെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിവരികയാണെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

Story highlights: UDF Declared Hartal on November 28 at Idukki district

Next Story