സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടുന്നു; പരിശോധനകള്‍ ശക്തമാക്കും
ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചതും റോഡുകളുടെ അപര്യാപ്തതയുമാണ് റോഡപകടങ്ങള്‍ കൂടാന്‍ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍
19 March 2023 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടുന്നു. പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകള്‍. ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചതും റോഡുകളുടെ അപര്യാപ്തതയുമാണ് റോഡപകടങ്ങള്‍ കൂടാന്‍ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022 ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗതയാണ്. ഡ്രൈവര്‍മാരുടെ അശ്രദ്ധ, തെറ്റായ ദിശയില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. സംസ്ഥാനത്ത് 2019 ല്‍ 1776 ഉം 2020 ല്‍ 1239 ഉം 2021 ല്‍ 1390 ഉം പേരാണ് ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആകെ 1.66 കോടി വാഹനങ്ങളുളള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. നിയമലംഘനത്തിന് പിഴ ഉയര്‍ത്തുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടങ്ങള്‍ കുറഞ്ഞതെന്ന് കേന്ദ്ര ഉപരിതല മന്ത്രാലയം അറിയിച്ചു.
STORY HIGHLIGHTS: Two-wheeler accidents are increasing in kerala
- TAGS:
- Kerala
- Accident
- Two Wheeler