Top

'ധോണി'ക്ക് മദപ്പാടുകാലം, പ്രത്യേക നിരീക്ഷണത്തിലാക്കി; ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാർ

24 Jan 2023 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണിക്ക് മദപ്പാടുകാലം, പ്രത്യേക നിരീക്ഷണത്തിലാക്കി; ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാർ
X

പാലക്കാട്: ഞായറാഴ്ച പിടികൂടിയ കാട്ടുകൊമ്പൻ 'ധോണി' എന്ന പി ടി സെവന് ഇത് മദപ്പാടുകാലമാണെന്ന് വന്യമൃ​ഗ പരിചരണ വിദ​ഗ്ധർ. മദപ്പാടുകാലം തരിച്ചറിഞ്ഞതിനെ തുടർന്ന് 'ധോണി' യെ പ്രത്യേക നിരീക്ഷണത്തിലാക്കി. മടക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം മാറിയിട്ടുണ്ട്. നിലവിൽ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദൻ പറഞ്ഞു.

ആനയെ ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാരെ നിയോ​ഗിക്കും. കൂടാതെ ചട്ടം പഠിപ്പിക്കാൻ വനംവകുപ്പിന്റെ വിദ​ഗ്ധ സംഘമുണ്ടാകും. കെ വിജയാനന്ദന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് 'ധോണി'. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് ഉദ്യോ​ഗസ്ഥരേയും ഒരു ഡോക്ടറേയും പ്രത്യേകം നിയോ​ഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ഏകദേശം 23 വയസ്സാണ് 'ധോണി'യുടെ പ്രായമെന്നാണ് നിഗമനം.

പി ടി സെവനെ കുങ്കിയാനയാക്കാനുള്ള പരിശീലനം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴുമാസമായി ധോണി നിവാസികളുടെ പേടി സ്വപ്‌നമായിരുന്ന പി ടി സെവനെ ഞായറാഴ്ച രാവിലെ 7.10ഓടെയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. മയക്കുവെടിയേറ്റ ആന കുറച്ചുദൂരം ഓടി. കൊമ്പന് സമീപത്ത് മറ്റ് രണ്ട് ആനകള്‍ കൂടിയുണ്ടായിരുന്നു

ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന നിരവധി കൃഷിയിടങ്ങള്‍ തകര്‍ത്തിരുന്നു. തുടര്‍ന്നാണ് ആനയെ പിടികൂടാനുളള ദൗത്യത്തിന് ആക്കം കൂട്ടിയത്. വിക്രം, ഭരത്, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെ ഉപയോ​ഗിച്ചാണ് 'ധോണി' യെ പിടികൂടിയത്. ആറടി താഴ്ചയില്‍ കുഴിയെടുത്ത് തടികൊണ്ട് തീര്‍ത്ത കൂട്ടിലേക്കാണ് പി ടി സെവനെ മാറ്റിയത്.

STORY HIGHLIGHTS: Two Persons Teach Habits to PT 7 in Palakkad

Next Story