Top

'എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ല'; ദീപുവിന്റെ മരണത്തിന് പിന്നില്‍ പിവി ശ്രീനിജനെന്ന് ട്വന്റി 20

18 Feb 2022 9:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ല; ദീപുവിന്റെ മരണത്തിന് പിന്നില്‍ പിവി ശ്രീനിജനെന്ന് ട്വന്റി 20
X

എറണാകുളം കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെ കുന്നത്ത്‌നാട് എംഎല്‍എ പിവി ശ്രീനിജന് എതിരെ വ്യാപക പ്രതിഷേധം. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ എംഎല്‍എ. ശ്രമിക്കുന്നു എന്നാരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിലാണ് ദീപുവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന് പിന്നില്‍ സിപിഐഎം ആണെന്നും എംഎല്‍എയുടെ അറിവോടെയാണ് അക്രമം നടന്നതെന്നുമാണ് ആക്ഷേപം.

പിവി ശ്രീനിജന്‍ എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്നും ട്വന്റി 20 പ്രതികരിച്ചു. ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആലുവയിലെ ആശുപത്രിക്ക് മുന്നിലും ട്വന്റി 20 പ്രവര്‍ത്തകര്‍ എംഎല്‍എക്ക് എതിരെ പ്രതിഷേധിച്ചു.

കൊലപാതകത്തിന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി. സംഘര്‍ഷത്തിനിടെ ദീപുവിനെ സിപിഐഎം പ്രവര്‍ത്തകള്‍ തല്ലിച്ചതച്ചു. ഒരു അസുഖവുമില്ലാത്ത ആളായിരുന്നു ദീപു. എന്നാല്‍ ദീപുവിന് ലിവര്‍ സിറോസിസ് ആണെന്ന് പ്രചരിപ്പിക്കുന്നു. ഈ പ്രചാരണത്തിന് പിന്നിലും എംഎല്‍എ ആണ്. ആശുപത്രി അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ് എന്നും ട്വന്റി 20 ആരോപിക്കുന്നു. പോസ്റ്റ് മോര്‍ട്ടം അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ത്തിയ ട്വന്റി 20 വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നല്‍കി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ട്വന്റി കിഴക്കമ്പലത്ത് വിളക്കണക്കല്‍ സമരം സംഘടിപ്പിച്ചത്. ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ആയിരുന്നു ലൈറ്റ് അണച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടയിലുണ്ടായ സംഘര്‍ഷത്തിലാണ് ദീപുവിന് പരുക്കേറ്റത്. ആന്തരീക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ആന്തരിക രക്ഷശ്രാവമുണ്ടായെന്ന് വ്യക്തമായത്. വിദഗദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ട്വന്റി ട്വന്റിയുടെ എല്‍ഇഡി സ്ട്രീറ്റ്ലൈറ്റ് പദ്ധതി തടഞ്ഞ എംഎല്‍എയ്ക്കെതിരെ വിഴക്കണക്കല്‍ സമരം സംഘടിപ്പിച്ചത്. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നതെന്നാണ് പ്രധാന ആരോപണം. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചരണം. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി20 നടപടി. നവമാധ്യമങ്ങള്‍ വഴിയാണ് ഫണ്ട് ശേഖരിക്കുന്നതിന് പ്രചാരം നടത്തുന്നത്.

Next Story