കോവളം ബൈക്ക് റേസിംഗ്; പരുക്കേറ്റ യുവാവും മരിച്ചു
റേസിംഗ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വാഹനപരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ്
29 Jan 2023 2:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിംഗിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവും മരിച്ചു. പൊട്ടകുഴി സ്വദേശി അരവിന്ദാണ് മിരിച്ചത്.
തിരുവല്ലം കോവളം ബൈപ്പാസില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. പനത്തുറ സ്വദേശിനി സന്ധ്യ അരവിന്ദിന്റെ ബൈക്കിടിച്ച് മരിച്ചിരുന്നു. റോഡ് മുറിച്ച് കടക്കവെ അമിതവേഗതയില്‍ എത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം തെറിച്ച് പോയതായി നാട്ടുകാര്‍ പറയുന്നു. സന്ധ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് സമീപത്തെ ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പ്രദേശത്ത് ഞായറാഴ്ചകളില്‍ യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തുന്നത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ റേസിംഗ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വാഹനപരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
- TAGS:
- Trivandrum
- Bike Riders