Top

റോഡിലെ കുഴികള്‍: ടോള്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് കളക്ടര്‍

കരാര്‍ കമ്പനിയെ കുറിച്ചുള്ള പരാതി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുമെന്നും കളക്ടര്‍

10 Aug 2022 1:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡിലെ കുഴികള്‍: ടോള്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് കളക്ടര്‍
X

തൃശൂര്‍: ദേശീയപാതയിലെ കുഴിയടയ്ക്കല്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ടോള്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കുമെന്നും കരാര്‍ കമ്പനിയെ കുറിച്ചുള്ള പരാതി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുമെന്നും കളക്ടര്‍ പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയ പാതയിലെ അറ്റകുറ്റപ്പണി പരിശോധിക്കാനെത്തിയപ്പോഴായിരുന്നു കളക്ടറുടെ പ്രതികരണം. ദേശീയപാതയിലെ കുഴിയടക്കല്‍ നടക്കുന്നത് ശരിയായ വിധത്തിലാണോ എന്ന് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നായിരുന്നു ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചത്. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍, എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. കളക്ടര്‍മാര്‍ കാഴ്ചക്കാരായി ഇരിക്കരുത്. മോശം റോഡുകള്‍ ഉണ്ടായാല്‍ അതില്‍ ഇടപെടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം ഉണ്ടെന്നും, അത് ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതിനിടെ തിരക്കുപിടിച്ചു നടക്കുന്ന കുഴിയടയ്ക്കല്‍ അശാസ്ത്രീയമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഉറപ്പില്ലാതെയാണ് ടാറിങ് നടക്കുന്നതെന്നും, പാക്കറ്റുകളില്‍ എത്തിക്കുന്ന മിക്‌സ് കുഴികളില്‍ നിറക്കുകയാണെന്നുമായിരുന്നു വിമര്‍ശനം. തൃശൂര്‍ കളക്ടറുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തി. തുടര്‍ന്ന് കുഴിയടയ്ക്കുന്നതില്‍ അപാകം കണ്ടെത്തിയിരുന്നു.

Story Highlights: Trissur Collectors Reaction About Road Maintenance

Next Story