Top

മൂലക്കുരു ചികിത്സക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; പ്രതികൾ പിടിയിൽ

ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു പ്രവാസി വ്യവസായി കൂടിയായ ഷൈബിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

10 May 2022 9:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂലക്കുരു ചികിത്സക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; പ്രതികൾ പിടിയിൽ
X

മലപ്പുറം: വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ നാലം​ഗ സംഘം പിടിയിൽ. മൂലക്കുരു ചികിത്സയ്ക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

2020ലാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫാണ് കൊലപാതകം നടത്തിയത്. വയോധികന് ചികിത്സ നൽകണമെന്ന പേരിൽ ഷാബാ ശരീഫിനെ നിലമ്പൂരിലേക്ക് 2019 ഓഗസ്റ്റില്‍ തട്ടികൊണ്ടുവരികയായിരുന്നു. ഒരു വർഷത്തോളം ഇയാളെ ബന്ദിയാക്കി മർദ്ദിച്ചു. എന്നാൽ മരുന്ന് പറഞ്ഞുകൊടുക്കാന്‍ വൈദ്യന്‍ തയ്യാറായിരുന്നില്ല.

പിന്നീട് ഇയാളെ ഷൈബിൻ അഷ്‌റഫ് കൊലപ്പെടുത്തുകയായിരുന്നു. കഷ്ണങ്ങളാക്കിയ മൃതദേഹം ചാലിയാർ പുഴയിൽ തളളിയെന്നാണ് പൊലീസ് പറയുന്നത്. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു പ്രവാസി വ്യവസായി കൂടിയായ ഷൈബിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

ഷൈബിൻ പരാതിക്കാരനായ ഒരു കവർച്ച കേസിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കവർച്ച കേസിലെ പ്രതികളായ നാലു പേരെ പിടികൂടിയപ്പോഴാണ് ഷൈബിൻ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. ഇതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

വീട് ആക്രമിച്ച് ഏഴ് ലക്ഷം രൂപം തട്ടിയെടുത്തുവെന്നായിരുന്നു ഷൈബിന്റെ പരാതി. ഇതിലുള്‍പ്പെട്ട പ്രതികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധം നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഷാബാ ഷെരീഫിന്റെ മൃതദേഹം ചാലിയാറിൽ തളളിയത് ഈ നാലം​ഗ സംഘമാണ്. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

STORY HIGHLIGHTS: Traditional Healer Shaba Sherif Murder Four Accused Arrested


Next Story

Popular Stories