Top

'റിയാസിന്റെ ഫൂഡ് സ്ട്രീറ്റിനെതിരെ' സിഐടിയു അടക്കം രംഗത്ത്; നടക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമെന്ന് ആക്ഷേപം

വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

5 Jan 2022 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിയാസിന്റെ ഫൂഡ് സ്ട്രീറ്റിനെതിരെ സിഐടിയു അടക്കം രംഗത്ത്; നടക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമെന്ന് ആക്ഷേപം
X

സംസ്ഥാനത്ത് ഭക്ഷ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കാനിരിക്കുന്ന ഫുഡ് സ്ട്രീറ്റിനെതിരെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളും വ്യാപാരികളും രംഗത്ത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിലേതിന് സമാനമായി സംസ്ഥാനത്തും രാത്രി കാലത്ത് പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കാനായിരുന്നു ടൂറിസം വകുപ്പിന്റെ തീരുമാനം. ഓരോ നഗരത്തിലെയും പ്രധാന റോഡുകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി വലിയങ്ങാടിയിലാണ് ഫുഡ് സ്ട്രീറ്റ് വരുന്നത്. ഇതിനെതിരെയാണ് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തിരക്കേറിയ വലിയങ്ങാടിയില്‍ ഇത്തരമൊരു പദ്ധതി പ്രായോഗികമല്ല. വ്യാപാരികളെ തകര്‍ക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

യാതൊരു ചര്‍ച്ചയും കൂടാതെയാണ് ടൂറിസം വകുപ്പും കോര്‍പ്പറേഷനും ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നാടിന്റെ തനതു ഭക്ഷണ രീതികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണു ഫുഡ് സ്ട്രീറ്റിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. വലിയങ്ങാടിയിലെ പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഫുഡ് സ്ട്രീറ്റുകളുമായി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

Next Story