Top

'ചുമട്ടുതൊഴിലാളികൾക്ക് ഉപജീവനം നഷ്ടപ്പെടുന്നതിന്റെ ആശങ്ക, നെസ്‌റ്റോ പൂട്ടലല്ല സമരലക്ഷ്യം'; കുറിപ്പ്

4 July 2022 9:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചുമട്ടുതൊഴിലാളികൾക്ക് ഉപജീവനം നഷ്ടപ്പെടുന്നതിന്റെ ആശങ്ക, നെസ്‌റ്റോ പൂട്ടലല്ല സമരലക്ഷ്യം; കുറിപ്പ്
X

കൽപറ്റ: നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തി വരുന്ന സമരം കാലങ്ങളായി ചെയ്തുവരുന്ന തൊഴിൽ നഷ്ടപ്പെടുമ്പോഴുളള തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണമാണെന്ന് കുറിപ്പ്. ടൗണിലെ ചരക്കിറക്കിന് അംഗീകൃത യൂണിയനുകൾക്കാണ് അധികാരമുള്ളത്. ചരക്കിറക്കാനുള്ള അനുവാദം ടൗണിലെ ചുമട്ടുതൊഴിലാളികൾക്ക് നൽകിയാൽ മുതലാളിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല. അതേസമയം തൊഴിലാളികൾക്ക് നേരത്തെ കിട്ടിയിരുന്ന വരുമാനം കുറയുകയുമില്ല. അതല്ലാതെ കട പൂട്ടിക്കെട്ടുക എന്നത് തൊഴിലാളികളുടെ സമര ലക്ഷ്യമല്ലെന്നും വയനാട് സ്വദേശി അബ്ദുൾ റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.

സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ- ദലിത് വിഭാഗത്തിൽപ്പെട്ടവരാണ് ചുമട്ടുതൊഴിലാളികളിൽ കൂടുതലും. അവരോടുള്ള വംശീയ വിദ്വേഷം ആണ് പലരും വരികൾക്കിടയിലൂടെ പ്രകടിപ്പിക്കുന്നതെന്നും അബ്ദുൾ റസാഖ് പറഞ്ഞു. സമരത്തിനെതിരെ നെസ്റ്റോ ഗ്രൂപ്പിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അബ്ദുൾ റസാഖിന്റെ വീശദീകരണം. വ്യവസായ സൗഹൃദപരമായ അന്തരീക്ഷം എന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തിൽ ട്രേഡ് യൂണിയനുകൾ തീർത്തും ലജ്ജാവഹമായ പ്രസ്താവനകൾ ഉന്നയിച്ചു കൊണ്ടാണ് ഈ സമരം ആരംഭിച്ചിരിക്കുന്നതെന്നായിരുന്നു നെസ്റ്റോ ഗ്രൂപ്പിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

'വയനാട്ടിലെ തൊഴിൽ സമരത്തിന്റെ യാഥാർത്ഥ്യം:

കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ / വരുമാനം ഒരു ദിവസം ഇല്ലാതാക്കിയാൽ എല്ലാവരും സമരത്തിന് ഇറങ്ങും. അതുമാത്രമേ കൽപ്പറ്റയിലെ കയറ്റിറക്ക് തൊഴിലാളികളും ചെയ്തിട്ടുള്ളൂ. ഇപ്പോൾ എല്ലാവരും കോടിക്കണക്കിന് രൂപ മുതൽമുടക്കിയ നെസ്റ്റോ മുതലാളിയുടെ വാദങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു വരുന്നുണ്ട്. അന്നന്ന് അധ്വാനിച്ച് കുടുംബം പുലർത്തുന്ന തൊഴിലാളികളെ മുഴുവൻ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ഒരു ചുമട്ടുതൊഴിലാളി പോലും അവരുടെ മക്കൾ ഇതേ തൊഴിൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരല്ല. തൊണ്ണൂറും - നൂറും കിലോ ഭാരമുള്ള ചാക്കുകൾ വാഹനത്തിൽ കയറ്റാനും ഇറക്കാനും പ്രത്യേകിച്ച് പരിശീലനം ഒന്നുമില്ലാതെ വിശപ്പിൻറെ വിളികൊണ്ട് മാത്രം നിർബന്ധിതരാകുന്നവരാണ് ചുമട്ടുതൊഴിലാളികൾ . നെസ്റ്റോ പോലുള്ള വലിയ ഹൈപ്പർ മാർക്കറ്റുകൾ വരുമ്പോൾ നേരത്തെ ലഭിച്ചിരുന്ന തൊഴിൽ നഷ്ടപ്പെടുന്നതിൽ അവർക്ക് വേവലാതിയുണ്ട്.

ടൗണിലെ ചരക്കിറക്കിന് അംഗീകൃത യൂണിയനകൾക്കാണ് അധികാരമുള്ളത്. അവർ കലാകാലങ്ങളായി ചെയ്തുവരുന്ന തൊഴിൽ നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായുള്ള പ്രതികരണം മാത്രമാണ് ഈ സമരം. പ്രത്യേകിച്ച് എത്രയോ പതിറ്റാണ്ടുകളായി കൽപ്പറ്റയിലെ തൊഴിലാളികളും വ്യാപാരികളും തമ്മിൽ യാതൊരു പ്രശ്നവുമില്ല എന്നത് എടുത്തു പറയേണ്ടതാണ്. ചരക്കിറക്കാനുള്ള അനുവാദം ടൗണിലെ ചുമട്ടുതൊഴിലാളികൾക്ക് നൽകിയാൽ മുതലാളിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല. അതേസമയം തൊഴിലാളികൾക്ക് നേരത്തെ കിട്ടിയിരുന്ന വരുമാനം കുറയുകയുമില്ല. അതല്ലാതെ കട പൂട്ടിക്കെട്ടുക എന്നത് തൊഴിലാളികളുടെ സമര ലക്ഷ്യമല്ല.

ടൗണിലെത്തുന്ന പൊതുജനങ്ങൾക്ക് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതു ചുമട്ടുതൊഴിലാളികൾ ആണെന്നത് മറക്കരുത് . സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ- ദലിത് വിഭാഗത്തിൽപ്പെട്ടവരാണ് ചുമട്ടുതൊഴിലാളികളിൽ കൂടുതലും. അവരോടുള്ള വംശീയ വിദ്വേഷം ആണ് പലരും വരികൾക്കിടയിലൂടെ പ്രകടിപ്പിക്കുന്നത്'.

'എല്ലാ മേഖലയിലും ഉള്ളപോലെ ഉള്ള പുഴുക്കുത്തുകൾ എല്ലായിടത്തും ഇവിടെയും ഉണ്ട്. എന്നാൽ തൊഴിലാളികളെ കുറിച്ച് വിശിഷ്യ ചുമട്ട് തൊഴിലാളികളെ കുറിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്നത് സംഘടിതമായ ക്യാമ്പയിൻ ആണ്. മാത്രവുമല്ല, വംശീയതയും തൊഴിലാളി വിരുദ്ധതയും എന്നും കൈമുതലാക്കിയിട്ടുള്ള ഉപരി മധ്യവർഗബോധവും. ഇവരെ ഫോൺ കമ്പനികളും വൻകിട കോർപ്പറേറ്റുകളും ദിനേന കൊള്ളയടിക്കുന്നത് പ്രശ്നമാക്കുകയോ ചർച്ച ചെയ്യുകയോ പോലുമില്ല, എന്നാലതേസമയം മക്കൾക്ക് അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ നൂറ് രൂപ കൂടുതൽ ചോദിച്ചൽ പിന്നെ അവർ കൊള്ളക്കാരായി, പിടിച്ചുപ്പറിക്കാരായി.. ഇതാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ചുമട്ടു തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഒരാളും ഒന്ന് എത്തിനോക്കുക പോലുമില്ല'.

'കൽപ്പറ്റയിലെ തെരുവിൽ കപ്പലണ്ടി വിൽക്കുന്നവർ, പച്ചക്കറിക്കടക്കാർ മുതൽ മൊത്ത വ്യാപാരികൾ വരെ ഹൈപ്പർ മാർക്കറ്റ് തുറന്നശേഷം കടുത്ത വ്യാപാരമാന്ദ്യത്തിലാണ്.അവിടങ്ങളിലെ കച്ചവടം ഇങ്ങോട്ട് മാറി അതുകൊണ്ടുതന്നെ ചരക്കിറക്കും മറ്റ് സ്ഥാപനങ്ങളിൽ കുറഞ്ഞു. ആദ്യം മനസ്സിലാക്കേണ്ടത് ഇതൊരു വ്യാപാരസ്ഥാപനമാണ് പുതുതായി ആർക്കും ഇതിലൂടെ ജോലി ലഭിക്കുന്നില്ല. അവർ ജോലിക്ക് എടുത്തു എന്നു പറയുന്ന അത്രയും പേരെ ഇതേ ടൗണിലെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ടാകും. ഇവിടെ ലഭിക്കുന്ന കച്ചവടമാകട്ടെ നേരത്തെ മറ്റു സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്ന കച്ചവടം മാത്രമാണ്. എന്നാൽ ഒരു വ്യവസായ സ്ഥാപനമാണ് തുടങ്ങിയിരുന്നതെങ്കിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു'.

STORY HIGHLIGHTS: trade union strike against nesto group ,Nesto closure is not the goal of strike

Next Story