Top

രാഹുലിനെതിരായ പരാമര്‍ശം; പി.ജെ കുര്യനെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം

യോഗത്തില്‍ നിന്ന് പി.ജെ കുര്യന്‍ മാറി നിന്നത് മനപൂര്‍വ്വമാണെന്നും പ്രതാപന്‍.

18 April 2022 11:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിനെതിരായ പരാമര്‍ശം; പി.ജെ കുര്യനെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം
X

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി.ജെ കുര്യനെതിരെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം. ടിഎന്‍ പ്രതാപനാണ് പിജെ കുര്യനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കുര്യനെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട് കെപിസിസി ആവശ്യപ്പെടണമെന്നാണ് പ്രതാപന്‍ ആവശ്യപ്പെട്ടത്. യോഗത്തില്‍ നിന്ന് പി.ജെ കുര്യന്‍ മാറി നിന്നത് മനപൂര്‍വ്വമാണെന്നും പ്രതാപന്‍ പറഞ്ഞു.

കേരള ശബ്ദം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിജെ കുര്യന്റെ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് മറ്റൊരാള്‍ വരാന്‍ തടസം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്നും കുര്യന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് രാഹുല്‍ ചെയ്തത്. മുങ്ങാന്‍ പോകുന്ന കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്ന കപ്പിത്താനെപ്പോലെയാണ് രാഹുലെന്നും പി ജെ കുര്യന്‍ കുറ്റപ്പെടുത്തിയിരുന്നു.

പി ജെ കുര്യന്‍ പറഞ്ഞത്:

''തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി മൂലം കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധി നേരിട്ട കാലത്ത് മുന്നില്‍ നില്‍ക്കാതെ ഓടി രക്ഷപ്പെട്ട വ്യക്തിയാണ് രാഹുല്‍ ഗാന്ധി. നിലപാടുകളില്‍ സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ ഉള്‍പ്പെട്ട ഒരു കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ കപ്പിത്താന്‍ ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. ഞാന്‍ മുന്നില്‍ നിന്ന് നയിക്കാം എന്ന് പറയണമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്.''

''അന്ന് മുതല്‍ കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടു കൂടി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണ്. അതൊരു ശരിയായ നടപടിയല്ല.''

''ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കുവാന്‍ ഒരു തെരഞ്ഞെടുത്ത പ്രസിഡന്റുണ്ടാകണം. ഒരിക്കല്‍ പ്രസിഡന്റ് സ്ഥാനം വേണ്ട എന്നു പറഞ്ഞ് ഇട്ടെറിഞ്ഞു പോയ സ്ഥിതിക്ക് ഇനി മറ്റൊരാള്‍ വരണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. എങ്കിലും സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത് വീണ്ടും പ്രസിഡന്റായാല്‍ ഞങ്ങള്‍ക്ക് അതില്‍ പരാതിയില്ല. പക്ഷെ സ്ഥാനം വേണ്ടായെന്ന് പറഞ്ഞയാള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുകയും, മറ്റാരെങ്കിലും വരുന്നതിന് തടയിടുകയുമൊക്കെ ചെയ്യുന്നത് ഒരു കാരണവരാലും അംഗീകരിക്കാനാവില്ല.''

''കൂടിയാലോചനകളില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തനിക്ക് സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് തീരുമാനങ്ങളെടുക്കുന്നു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങള്‍ ആരും ചോദിക്കുന്നില്ല, അവരെയാരും കേള്‍ക്കുന്നില്ല.''

''പാര്‍ട്ടിക്ക് ഇക്കാര്യങ്ങളില്‍ ഒരു തിരിച്ചറിവുണ്ടാകാന്‍ വേണ്ടിയാണ് ജി23 രൂപീകരിച്ചിട്ടുളളത്. കേരളത്തില്‍ നിന്ന് ഞാനും ശശി തരൂരുമാണ് ഒപ്പിട്ടത്. കോണ്‍ഗ്രസിനെ നെഹ്‌റു കുടുംബത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതല്ല ജി23യുടെ ലക്ഷ്യം. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് തന്നെ ആളുവരണം എന്ന നിര്‍ബന്ധവും ജി23ക്കില്ല.''

Next Story