Top

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരണം: പരിശോധനാഫലം ഇന്ന്, മൃതദേഹം സംസ്‌കരിച്ചു, ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

മരണകാരണമുള്‍പ്പെടെ സമിതി പരിശോധിക്കും.

31 July 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരണം: പരിശോധനാഫലം ഇന്ന്, മൃതദേഹം സംസ്‌കരിച്ചു, ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
X

മങ്കിപോക്സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ 22കാരന്‍ മരിച്ച സംഭവത്തില്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സ്രവത്തിന്റെ പരിശോധനാഫലം ഇന്ന് അറിഞ്ഞേക്കും.

സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് വിദഗ്ധസമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. മരണകാരണമുള്‍പ്പെടെ സമിതി പരിശോധിക്കും. ഇതിനുശേഷമാകും സ്ഥിരീകരിക്കുക.

അതേസമയം, യുവാവിന്റെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് സംസ്‌കരിച്ചു. യുഎഇയില്‍നിന്നും എത്തിയ യുവാവിനെ മൂന്നുദിവസം മുമ്പാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവുമായി സമ്പര്‍ക്കത്തിലുള്ള മുഴുവനാളുകളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

മരണകാരണം മങ്കിപോക്‌സ് ആണെങ്കില്‍ രാജ്യത്ത് ആദ്യമായി ഈ അസുഖം മൂലം മരണപ്പെടുന്ന ആദ്യ കേസും ഇതായിരിക്കും. രാജ്യത്ത്ആദ്യമായിമങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. നിലവില്‍ രോഗബാധിതരായ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

Next Story