Top

'തൃക്കാക്കര കേരളത്തിന്റെ സിലിക്കണ്‍ വാലി, മണ്ഡലത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍'; ഓഗ്മെന്‍ഡ് റിയാലിറ്റി വീഡിയോയുമായി ജോ ജോസഫ്

നാളത്തെ തൃക്കാക്കരയെ താനും എല്‍ഡിഎഫ് സര്‍ക്കാരും എങ്ങനെ നോക്കിക്കാണുന്നു എന്ന ആമുഖത്തോടെയാണ് വീഡിയോ അവതരിപ്പിക്കുന്നത്

22 May 2022 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കര കേരളത്തിന്റെ സിലിക്കണ്‍ വാലി, മണ്ഡലത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍; ഓഗ്മെന്‍ഡ് റിയാലിറ്റി വീഡിയോയുമായി ജോ ജോസഫ്
X

തൃക്കാക്കര: വെര്‍ച്വല്‍ റിയാലിറ്റി പ്രചാരണവുമായി തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയുടെ വെര്‍ച്വല്‍ സ്‌പേസ് ഓഗ്മെന്റഡ് റിയലിറ്റിയുടേയും വെര്‍ച്വല്‍ റിയാലിറ്റിയുടേയും സഹായത്തോടെ അവതരിപ്പിച്ചാണ് ജോ ജോസഫ് വ്യത്യസ്ത പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളത്തെ തൃക്കാക്കരയെ താനും എല്‍ഡിഎഫ് സര്‍ക്കാരും എങ്ങനെ നോക്കിക്കാണുന്നു എന്ന ആമുഖത്തോടെയാണ് വീഡിയോ അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് വഴി എല്‍ഡിഎഫ് നേതാക്കള്‍ വീഡിയോ പുറത്ത് വിട്ടു.

കേരളത്തിന്റെ സിലിക്കണ്‍ വാലിയാകാന്‍ തൃക്കാക്കര ഒരുങ്ങുകയാണെന്ന് പറഞ്ഞ ശേഷം ഇന്‍ഫോ പാര്‍ക്കും കെ റെയില്‍ സ്റ്റേഷനും വാട്ടര്‍ മെട്രോ സ്‌റ്റേഷനും സ്ഥാനാര്‍ത്ഥി തന്നെ വെര്‍ച്വല്‍ സ്‌പേസില്‍ പരിചയപ്പെടുത്തുന്നു. വേമ്പനാട് കായലിന് നടുവിലെ വാട്ടര്‍മെട്രോ സ്‌റ്റേഷനും നാലുവരി പാതയും രണ്ടാം ഘട്ടത്തില്‍ ഇന്‍ഫോ പാര്‍ക്കിലേക്ക് നീങ്ങുന്ന കൊച്ചി മെട്രോ സ്‌റ്റേഷനും സ്‌ക്രീനില്‍ വരുന്നു.

കേരള വികസനത്തിന്റെ ഹൃദയത്തുടിപ്പെന്നാണ് കെ റെയിലിനെ വിശേഷിപ്പിക്കുന്നത്. ഗതാഗതകുരുക്കുള്ള രാവിലെയും വൈകുന്നേരവും ഇന്‍ഫോ പാര്‍ക്കില്‍ എത്താന്‍ വാട്ടര്‍ മെട്രോ, പുതുതായി ഒരുങ്ങുന്ന നാലുവരി പാത, ഐടി മേഖലയിലും പദ്ധതികള്‍ എന്നിവയും സ്വപ്‌ന പദ്ധതികളായി ഡോ. ജോ ജോസഫ് പരിചയപ്പെടുത്തുന്നു.

തൃക്കാക്കര മണ്ഡലത്തെ കൊച്ചിയുടെ പ്രധാന വാണിജ്യ വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനവും നടന്നുകൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്ന സ്ഥാനാര്‍ത്ഥി കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ നിന്നും ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലേക്കും ഐടി കോറിഡോര്‍ സ്വപ്‌ന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്നു. കാക്കനാട് 31 ഏക്കറില്‍ ബ്ലിസ് സിറ്റിയില്‍ തിയ്യേറ്ററും ഷോപ്പിംഗ് മാളും ഓഫീസ് സ്‌പേസുകളും തൊഴിലിടവും വിനോദ കേന്ദ്രവും, 32 ഏക്കറില്‍ ടിസിഎസിന്റെ പുതിയ സമുച്ചയം, കിന്‍ഫ്ര വിപുലപ്പെടുത്തല്‍, കേരളത്തിലെ ആദ്യ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയും വീഡിയോയില്‍ പങ്കുവെക്കുന്നു.

സ്വപ്‌ന പദ്ധതികള്‍ നടപ്പാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കണോ, വികസന പദ്ധതികള്‍ക്ക് തുരങ്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം വേണോ എന്നും തൃക്കാക്കര കേരളത്തിന്റെ സാമ്പത്തിക വ്യാവസായിക ഹൃദയമാകാന്‍ ഒരുങ്ങുമ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഭരണത്തിനൊപ്പം നില്‍ക്കുന്ന എംഎല്‍എ വേണോ എന്നതാണ് തെരഞ്ഞെടുപ്പിലെ ചോദ്യം എന്നും ഉന്നയിച്ചാണ് വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ അവസാനിക്കുന്നത്.

STORY HIGHLIGHTS: Thrikkakara LDF Candidate Jo Joseph introduces virtual video of Thrikkakara constituency

Next Story