'മുഖ്യമന്ത്രിയല്ല, ആരും വന്നോട്ടെ'; തൃക്കാക്കരയില്‍ യുഡിഎഫ് അതിജീവിക്കുമെന്ന് വി പി സജീന്ദ്രന് എംഎല്‍എ
തൊട്ടടുത്ത് ലെനിന് സെന്റര്‍ ഉണ്ടായിട്ടും ആശുപത്രിയില്‍ വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി നാടകം കളിച്ചതെന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും എംഎല്‍എ
15 May 2022 5:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്ന് വി പി സജീന്ദ്രന് എംഎല്‍എ. മുഖ്യമന്ത്രിയല്ല, ആര് മണ്ഡലത്തില്‍ ക്യാംപ് ചെയ്താലും അതിജീവിക്കാനുള്ള സംഘടനാബലം യുഡിഎഫിനുണ്ടെന്ന് എംഎല്‍എ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് അറിഞ്ഞത് മുതല്‍ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു.
'മുഖ്യമന്ത്രിയും എംഎല്‍എമാരുമെല്ലാം പ്രചാരണത്തിനിറങ്ങുന്നത് സ്വാഭാവികമാണ്. അതിലൊന്നും ഭയമില്ല. അതിജീവിക്കാനുള്ള സംഘടനാ ബലവും ശേഷിയും സംഘടനാ പ്രവര്‍ത്തനവും ഞങ്ങള്‍ക്കുണ്ട്. ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ തന്നെ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയല്ല ആര് വന്ന് പ്രചാരണം നടത്തിയാലും യുഡിഎഫ് അതിജീവിക്കും. പി ടി തോമസ് നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടും.' വി പി സജീന്ദ്രന് പറഞ്ഞു.
തൊട്ടടുത്ത് ലെനിന് സെന്റര്‍ ഉണ്ടായിട്ടും ആശുപത്രിയില്‍ വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി നാടകം കളിച്ചതെന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും എംഎല്‍എ പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ ജനം വിലയിരുത്തിയിട്ടുണ്ട്. തൊട്ടടുത്ത് ലെനിന് സെന്റര്‍ സ്ഥിതി ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആശുപത്രിയില്‍ വെച്ച് നടത്തി എന്തിനാണ് നാടകം നടത്തിയതെന്ന് ആളുകള്‍ക്ക് അറിയാം. അതിനുള്ള സാമാന്യബുദ്ധിയുള്ള ജനതയാണ് നമ്മുടേതെന്നായിരുന്നു വി പി സജീന്ദ്രന്റെ പ്രതികരണം. സൈബര്‍ സഖാക്കളെ വെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പൊതുമധ്യത്തില്‍ അവര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എതിര്‍സ്ഥാനാര്‍ത്ഥികളെ അപമാനിക്കുന്നത് യുഡിഎഫിന്റെ സംസ്കാരമല്ലെന്നും സജീന്ദ്രന് കൂട്ടിചേര്‍ത്തു.
മൂന്ന് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്ക് അവിടെ യാതൊരു പ്രസക്തിയില്ലെന്നായിരുന്നു ട്വന്റി-ട്വന്റി ആംആദ്മി വോട്ടുകളെക്കുറിച്ചുള്ള എംഎല്‍എയുടെ മറുപടി. അവര്‍ കേന്ദ്ര സംസ്ഥാന ഭരണ വിരുദ്ധ തരംഗത്തിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.