Top

'ഹിന്ദി സംസാരിക്കുന്നവർ പാനി പൂരി വിൽക്കുന്നു'; ഇംഗ്ലീഷ് ആണ് പഠിക്കേണ്ടതെന്ന് തമിഴ്‌നാട് മന്ത്രി

തമിഴ്നാട് ഗവർണർ ആർ എൻ രവി വേദിയിലിരിക്കെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്

13 May 2022 4:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദി സംസാരിക്കുന്നവർ പാനി പൂരി വിൽക്കുന്നു; ഇംഗ്ലീഷ് ആണ് പഠിക്കേണ്ടതെന്ന് തമിഴ്‌നാട് മന്ത്രി
X

കോയമ്പത്തൂർ: പാനി പൂരി വിൽക്കുന്നവരുടെ ഭാഷയാണ് ഹിന്ദിയെന്ന തമിഴ്‌നാട് മന്ത്രി പൊൻമുടിയുടെ പരാമർശം വിവാദത്തിൽ. ഹിന്ദി ഭാഷയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്ന വാദം തെറ്റാണെന്നും ഹിന്ദി സംസാരിക്കുന്നവർ നിസ്സാര ജോലികളിൽ ഏർപ്പെടുന്നവരാണെന്നും മന്ത്രി പറഞ്ഞു. ഭാരതിയാർ സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി പൊൻമുടി പരാമർശം നടത്തിയത്. ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെയുള്ള തമിഴ്‌നാട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട് ഗവർണർ ആർ എൻ രവി വേദിയിലിരിക്കെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്‌ട്ര ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ പിന്നെ എന്തിന് ഹിന്ദി പഠിക്കണമെന്ന് മന്ത്രി ചോദിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തമിഴ്‌നാട് മുൻപന്തിയിലാണ്. തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ഏതു ഭാഷയും പഠിക്കാൻ തയ്യാറാണ്, എന്നാൽ ഹിന്ദി ഒരു ഓപ്ഷണൽ ഭാഷ മാത്രമായിരിക്കണം, നിർബന്ധിത ഭാഷയായി പഠിക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയാണ് ഹിന്ദിയേക്കാൾ മൂല്യമുളളതെന്നും മന്ത്രി പറഞ്ഞു.

'ഹിന്ദി പഠിച്ചാൽ നിങ്ങൾക്ക് ജോലി കിട്ടുമെന്ന് അവർ പറയാറുണ്ടായിരുന്നു. അങ്ങനെയാണോ! അവരിപ്പോൾ കോയമ്പത്തൂരിൽ പാനി പൂരി വിൽക്കുന്നത് നിങ്ങൾക്ക് കാണാമല്ലോ? ഇപ്പോൾ ഇംഗ്ലീഷാണ് അന്താരാഷ്ട്ര ഭാഷ,"ഭാരതിയാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പൊൻമുടി പറഞ്ഞു.

ചടങ്ങിൽ ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പ്രയോജനകരമായ വശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ദ്വിഭാഷാ സമ്പ്രദായം മാത്രമേ സംസ്ഥാന സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. നേരത്തെ, വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിൽ സംസാരിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം വലിയ പ്രതിഷേധങ്ങൾക്കിടയായിരുന്നു. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം.

STORY HIGHLIGHTS: Those who speak Hindi are selling panipuri, says Tamil Nadu minister Ponmudy

Next Story

Popular Stories