Top

'ഇഡിയുടെ വിരട്ടലില്‍ പേടിക്കില്ല'; കോടതി ഉത്തരവ് സ്വാഗതം ചെയ്ത് തോമസ് ഐസക്

'എന്തും ചെയ്യാന്‍ അപരിമിതമായ അധികാരം ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല'

10 Oct 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡിയുടെ വിരട്ടലില്‍ പേടിക്കില്ല; കോടതി ഉത്തരവ് സ്വാഗതം ചെയ്ത് തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസില്‍ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് മുന്‍ധനമന്ത്രി തോമസ് ഐസക്. രണ്ട് വര്‍ഷമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണ്, എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. കോടതി വിധി സ്വാഗതാര്‍ഹമാണ്. കോടതിയോട് ആവശ്യപ്പെട്ടത് ഇത് തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു.

'ഇഡി നോട്ടീസ് അയച്ച വിവരം മാധ്യമങ്ങള്‍ വഴി അറിയേണ്ടി വന്നത് ശരിയായില്ല. ഹാജരാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞ സമയത്ത് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും സമന്‍സ് അയച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. അന്വേഷിക്കാന്‍ അവാകശമുണ്ടെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. തെറ്റ് ആര് ചെയ്താലും അന്വേഷിക്കാം പക്ഷെ അന്വേഷണത്തിന്റെ പേരില്‍ എന്തും ചെയ്യാനുള്ള അവകാശമില്ല. ഇഡി അന്വേഷണം സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ്. ഇതാണ് കോടതി നിരീക്ഷിച്ചത്. കോടതി നിലപാടിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. എന്തും ചെയ്യാന്‍ അപരിമിതമായ അധികാരം ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല', തോമസ് ഐസക് പറഞ്ഞു.

ഇഡിയുടെ വിരട്ടലില്‍ പേടിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ പേടിയില്ല. അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും ഇഡി അന്വേഷണം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും തോമസ് ഐസക് ആരോപിച്ചു.

സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും, കിഫ്ബിയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല പുറപ്പെടുവിച്ചത്. തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേസില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കി.

Story Highlights: Thomas Isaac's Response On High Court Action

Next Story