Top

മുട്ടാനുറച്ച് തോമസ് ഐസക്; 'ഇഡി മുമ്പാകെ ഹാജരാകില്ല'

''ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.''

10 Aug 2022 2:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുട്ടാനുറച്ച് തോമസ് ഐസക്; ഇഡി മുമ്പാകെ ഹാജരാകില്ല
X

കിഫ്ബി ഇടപാടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസില്‍ മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഹാജരാകില്ല. നാളെ ഹാജരാകില്ലെന്നും എന്തിന് ഹാജരാകണമെന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടും ഇഡിക്ക് തോമസ് ഐസക്ക് കത്ത് അയച്ചു. എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്നാണ് ഇമെയില്‍ വഴി നല്‍കിയ മറുപടിയില്‍ തോമസ് ഐസക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല, തന്റെ സമ്പാദ്യം സമൂഹത്തിനു മുമ്പിലുണ്ടെന്നും തോമസ് ഐസക്ക് അറിയിച്ചു.

ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

''കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമന്‍സിലും ഇഡി പറഞ്ഞിട്ടില്ല. രണ്ടു സമന്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം.'' അതിനു ശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ പ്രതികരണം: ഇഡി കിഫ്ബിയുമായി ബന്ധപ്പെട്ട് എനിക്ക് അയച്ചിരിക്കുന്ന സമന്‍സ് പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ കത്തു നല്‍കി. അതോടൊപ്പം ഇഡിയുടെ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചു.

എനിക്കു ലഭിച്ച രണ്ട് നോട്ടീസുകളിലും ഞാന്‍ ചെയ്ത കുറ്റം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ ഞാനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമന്‍സിലും പറഞ്ഞിട്ടില്ല. ചെയ്തകുറ്റം എന്തെന്നു വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണ പര്യടനങ്ങള്‍ സുപ്രിംകോടതി വിലക്കിയിട്ടുള്ളതാണ്. സമീപകാലത്തെ സുപ്രിംകോടതി വിധി പ്രകാരം ഇതിന് ഇഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളില്‍ ചര്‍ച്ച ചെയ്തു കേട്ടു. ഈ വിധിക്ക് ആധാരമായ കേസ് Prevention of Money Laundering Act, 2002 പ്രകാരമുള്ളവയ്ക്കാണ്. എനിക്കുള്ള സമന്‍സില്‍ റഫര്‍ ചെയ്തിട്ടുള്ളത് ഫെമ നിയമമാണ്. അതിന് ഇതുപോലെ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണം അനുവദനീയമല്ല.

മസാലബോണ്ടില്‍ നിയമലംഘനം ഉണ്ടെങ്കില്‍ അതിനു വ്യക്തത വരുത്താന്‍ റിസര്‍വ്വ് ബാങ്കിനോടു ചോദിച്ചാല്‍ മതി. ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുള്ള നടപടി പ്രകാരം അപേക്ഷതിന്റെ അടിസ്ഥാനത്തില്‍ മസാലബോണ്ട് ഇറക്കാന്‍ അനുമതി രേഖാമൂലം അവര്‍ തന്നിട്ടുള്ളതാണ്. ഇതിനുള്ള രജിസ്‌ട്രേഷന്‍ നമ്പരും അനുവദിച്ചു. മൂന്നു വര്‍ഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും റിപ്പോര്‍ട്ട് കിഫ്ബി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമര്‍ശംപോലും ആര്‍ബിഐയില്‍ നിന്നും ഉണ്ടായിട്ടില്ല. റെഗുലേറ്റര്‍ക്കു പരാതി ഇല്ലെങ്കില്‍ ഇഡിയുടെ പരാതിക്ക് എന്ത് സാംഗത്യം?

അതുകൊണ്ട് ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം. ഇതാണ് ഞാന്‍ കത്തിലൂടെ പറഞ്ഞിട്ടുള്ളത്.

2021 മാര്‍ച്ച് മുതല്‍ ഒന്നരക്കൊല്ലമായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജര്‍, ജോയിന്റ് ഫണ്ട് മാനേജര്‍ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താന്‍ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിര്‍ണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാന്‍ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയില്‍ ഭരണഘടന എനിക്കു നല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

രണ്ട് സമന്‍സ് അയച്ചു. രണ്ടു പ്രാവശ്യവും എനിക്ക് അറിയിപ്പ് കിട്ടും മുമ്പ് മാധ്യമങ്ങള്‍ക്കു കിട്ടി. ഇത്തരത്തിലുള്ള ഉപജാപങ്ങള്‍ ബോധപൂര്‍വ്വമുള്ള പ്രചാരവേലയുടെ ഭാഗമാണ്. ഇതു തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായിട്ട് അധപതിച്ചിരിക്കുകയാണ്. ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്ബിയില്‍ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എംഎല്‍എയോ അല്ലാത്തതിനാല്‍ കിഫ്ബി രേഖകള്‍ സമാഹരിക്കാന്‍ എനിക്കു കഴിയില്ല. എന്റെ വരവ് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി ആദായനികുതി വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ചതും പൊതുമണ്ഡലത്തിലുണ്ട്.

മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇഡി ചോദിച്ചിട്ടുള്ളത്. അവയ്ക്കുവേണ്ടി എന്നെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. അടുത്ത ബന്ധുക്കളൊന്നും എന്നെ ആശ്രയിച്ചു കഴിയുന്നവരല്ല. അതിനാല്‍ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും എന്റെ കൈയിലുമില്ല. ഞാന്‍ ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നല്‍കാതെ ഇത്തരം കാര്യങ്ങളെല്ലാം ഞാന്‍ ശേഖരിച്ചു നല്‍കണമെന്നു പറയുന്നതിനോടു യോജിപ്പുമില്ല.

Next Story