Top

'അദാനിയുടെ സ്ഥാനം താഴേക്ക്'; രക്ഷിക്കാന്‍ മോദി രംഗത്തിറങ്ങുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് തോമസ് ഐസക്ക്

ഇന്നിപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്നപോലെ അദാനി ഗ്രൂപ്പിന്റെ കടഭാരം വളരെ ഉയര്‍ന്നതാണ്.

30 Jan 2023 2:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദാനിയുടെ സ്ഥാനം താഴേക്ക്; രക്ഷിക്കാന്‍ മോദി രംഗത്തിറങ്ങുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് തോമസ് ഐസക്ക്
X

തിരുവനന്തപുരം: പൊതുപണം ഉപയോഗിച്ച് അദാനി ഗ്രൂപ്പിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട കാര്യമാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. അദാനി ഗ്രൂപ്പിന്റെ കടഭാരം വളരെ ഉയര്‍ന്നതാണ്. കടം മൂലധന തോത് അപകടനിലയുടെ പല മടങ്ങാണ്. ഇതിലൊരു മാറ്റം വരുത്താനാണ് ഇപ്പോള്‍ 20,000 കോടി രൂപയുടെ പുതിയ ഓഹരികള്‍ കമ്പോളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അതുതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാമെന്നും തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്ക് പറഞ്ഞത്: അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 4 ശതമാനം ഉയര്‍ന്നു. ബാക്കിയെല്ലാം കഴിഞ്ഞ രണ്ടുദിവസം പോലെതന്നെ താഴ്ന്നു. മൊത്തത്തില്‍ എടുത്താല്‍ 1.53 ലക്ഷം കോടി രൂപ വിപണിമൂല്യം ഇല്ലാതായി. സമ്പന്നരില്‍ അദാനിയുടെ സ്ഥാനം ഒരുപടികൂടി താഴേക്കു പതിച്ച് എട്ടാം സ്ഥാനത്തായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം അദാനി ഓഹരികളുടെ വില 85 ശതമാനമെങ്കിലും ഊതിവീര്‍പ്പിച്ചതാണ്. അപ്പോള്‍ ചോദ്യം എങ്ങനെ ഓഹരി വില തകര്‍ച്ച 20 ശതമാനത്തില്‍ പരിമിതപ്പെടുത്തി നിര്‍ത്താന്‍ കഴിഞ്ഞൂവെന്നുള്ളതാണ്.

ഇതില്‍ അത്ഭുതപ്പെടാനില്ല. കാരണം മൊത്തം ഓഹരികളുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ വിപണിയില്‍ സ്വതന്ത്രവ്യാപാരത്തിനായി എത്തുന്നുള്ളൂ. 75 ശതമാനം ഓഹരികള്‍ ഇപ്പോഴും പ്രൊട്ടോര്‍മാരുടെ കൈവശമാണ്. മറ്റൊരു 1015 ശതമാനം വിദേശത്തുള്ള ബിനാമി കമ്പനികളുടെ കൈകളിലാണ്. പിന്നെ എല്‍ഐസി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയുടെ കൈയിലുള്ള ഓഹരിയും കഴിഞ്ഞാല്‍ 10 ശതമാനത്തില്‍ താഴെ മാത്രം ഓഹരികളാണ് വിപണിയിലുള്ളത്. അതിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നതിന് അദാനി ഗ്രൂപ്പിനു കഴിഞ്ഞെങ്കില്‍ അത്ഭുതപ്പെടാനില്ല.

പക്ഷേ, പ്രശ്‌നം അവിടെയല്ല. ബോണ്ട് മാര്‍ക്കറ്റിലാണ്. 2.5 ലക്ഷം കോടി രൂപയാണ് അദാനിയുടെ കടം. അതില്‍ ഒരുലക്ഷത്തിലേറെ കോടി രൂപ കഴിഞ്ഞ ഒരുവര്‍ഷം എടുത്തതാണ്. അതില്‍ പകുതിയിലേറെ വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകളായി എടുത്തിട്ടുള്ളവയാണ്. സമീപകാലത്തായി അദാനി ഗ്രൂപ്പ് വിദേശബോണ്ടുകളെ ഉപയോഗിച്ചാണ് വിഭവസമാഹരണം നടത്തുന്നത്. അദാനി ബോണ്ടുകളുടെ വിലകളില്‍ എന്തുസംഭവിക്കുമെന്നുള്ളതാണ് ഏറെ നിര്‍ണ്ണായകം. ഇന്ന് ബോണ്ടുകളുടെ വില 73 സെന്റായി താഴ്ന്നിട്ടുണ്ട്. ബോണ്ടിന്റെ മൂല്യം ഇങ്ങനെ ഇടിഞ്ഞുകൊണ്ടിരുന്നാല്‍ പുതിയതായി വായ്പയെടുക്കാന്‍ കഴിയാതെ വരും.

ഇന്നിപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്നപോലെ അദാനി ഗ്രൂപ്പിന്റെ കടഭാരം വളരെ ഉയര്‍ന്നതാണ്. കടം മൂലധന തോത് അപകടനിലയുടെ പല മടങ്ങാണ്. ഇതിലൊരു മാറ്റം വരുത്താനാണ് ഇപ്പോള്‍ 20000 കോടി രൂപയുടെ പുതിയ ഓഹരികള്‍ കമ്പോളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അതുതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം. പൊതുപണം ഉപയോഗിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം.


Next Story