Top

ഗുജറാത്ത് കലാപം ഡോക്യുമെന്ററി: കിളി പോയ സ്ഥിതിയാണ് ബിജെപിക്കെന്ന് തോമസ് ഐസക്ക്

ബിജെപിയും മോദിയും ഇന്ത്യാചരിത്രത്തിലൊഴുക്കിയ ചോരപ്പുഴയുടെ ഓർമ്മപ്പെടുത്തലാണ് ബിബിസിയുടെ ഡോക്യുമെന്ററി.

25 Jan 2023 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് കലാപം ഡോക്യുമെന്ററി: കിളി പോയ സ്ഥിതിയാണ് ബിജെപിക്കെന്ന് തോമസ് ഐസക്ക്
X

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ 'കിളി പോയ' സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. എന്തൊക്കെയാണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ഒരു ബോധവുമില്ല. പറഞ്ഞത് വിഴുങ്ങിയും വിഴുങ്ങിയത് പറഞ്ഞും രാജ്യത്തിനും ലോകത്തിനും മുന്നില്‍ പരിഹാസ കഥാപാത്രങ്ങളായി അവര്‍ മാറുമ്പോള്‍, ഭാവി തലമുറ സംഘപരിവാര്‍ ഭീഷണിയ്ക്ക് പുല്ലുവില കല്‍പിച്ച് ഡോക്യുമെന്ററിയുടെ പരസ്യപ്രചരണം സംഘടിപ്പിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ബിജെപിയും മോദിയും ചരിത്രത്തിലൊഴുക്കിയ ചോരപ്പുഴയുടെ ഓര്‍മ്മപ്പെടുത്തലാണ് ബിബിസിയുടെ ഡോക്യുമെന്ററി. ഗുജറാത്തിലെ വംശഹത്യയുടെ ആസൂത്രണവും നിര്‍വഹണവും ഭാവി തലമുറയ്ക്കു വേണ്ടി രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അധികാരം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നും കോടതി വിചാരണയില്‍ നിന്നും മോദിയും സംഘവും രക്ഷപെട്ടിരിക്കാം. പക്ഷേ, ജനങ്ങളുടെ വിചാരണയില്‍ നിന്നും അവര്‍ക്കൊരിക്കലും രക്ഷപെടാനാവില്ല. ഇന്ത്യയിലെ തെരുവുകളും യുവതയും ആ ചുമതല നിര്‍വഹിച്ചുകൊണ്ടേയിരിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്ക് പറഞ്ഞത്: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ "കിളി പോയ" സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളും. എന്തൊക്കെയാണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ഒരു ബോധവുമില്ല. പറഞ്ഞത് വിഴുങ്ങിയും വിഴുങ്ങിയത് പറഞ്ഞും രാജ്യത്തിനും ലോകത്തിനും മുന്നിൽ പരിഹാസ കഥാപാത്രങ്ങളായി അവർ മാറുമ്പോൾ, തെരുവിലും കാമ്പസുകളിലും ഭാവി തലമുറ സംഘപരിവാർ ഭീഷണിയ്ക്ക് പുല്ലുവില കൽപിച്ച് ഡോക്യുമെൻററിയുടെ പരസ്യപ്രചരണം സംഘടിപ്പിക്കുന്നു.

ബിബിസിയുടെ വിശ്വാസ്യതയിലാണ് പൊടുന്നനെ ബിജെപിക്കാർക്ക് സംശയം ജനിച്ചത്. 2013 വരെ ബിബിസിയ്ക്കായിരുന്നു ആകാശവാണിയെക്കാളും ദൂരദർശനെക്കാളും വിശ്വാസ്യത. വേറെയാരുമല്ല, സാക്ഷാൽ മോദി തന്നെയാണ് ആ സർട്ടിഫിക്കറ്റ് ബിബിസിയ്ക്കു കൊടുത്തത്. Till there was DD, Akashvani, what did common people discuss- we heard it on BBC...there was no faith in DD, Akashvani: എന്ന് 2013 ഏപ്രിൽ എട്ടിന് മോദി കുറിച്ച വാക്കുകൾ ഇപ്പോഴും അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലുണ്ട്. ബിബിസിയുടെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകൾ ഗുജറാത്ത് കലാപം അന്വേഷിച്ചതോടെ അവരുടെ വിശ്വാസ്യത പോയി.

അടുത്ത നിലവിളി ഇതിനേക്കാൾ കേമമാണ്. ഈ ഡോക്യുമെൻററി സുപ്രികോടതിയുടെ പരമാധികാരത്തിലേയ്ക്കും വിശ്വാസ്യതയിലേയ്ക്കുമുള്ള കടന്നു കയറ്റമാണത്രേ. കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നൽകിയ ഹർജി മോദിക്ക് അനുകൂലമായി സുപ്രിംകോടതി പറഞ്ഞ വിധി, ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ഇനിയാരും വിമർശനാത്മകമായി ചൂണ്ടിക്കാട്ടുന്നതിനെ നിരോധിക്കുന്നതൊന്നുമല്ല. സുപ്രിംകോടതി ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവെയ്ക്കുകയായിരുന്നു. പക്ഷേ, ആ അന്വേഷണ റിപ്പോർട്ട് മോദിയെ വെളളപൂശുക എന്ന ഉദ്ദേശത്തോടെ തട്ടിക്കൂട്ടിയതാണ് എന്ന വിമർശനം അന്നുമിന്നും പൊതുമണ്ഡലത്തിലുണ്ട്.

ആ വിമർശനമുയർത്തിയവരിൽ പ്രധാനിയാണ് മുൻ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് പി.ബി. സാവന്ത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുകയും അതിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് ബോധ്യപ്പെടുകയും അതിന്റെ പേരിൽ മോദിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്, ജസ്റ്റിസ് പി.ബി. സാവന്ത്.

പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ പല കണ്ടെത്തലുകളെയും അനുകൂലിക്കുമ്പോൾത്തന്നെ, കലാപത്തിന്റെ പേരിൽ മോദിയെ പ്രോസിക്യൂട്ടു ചെയ്യണമെന്ന നിലപാടാണ് സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂരി രാജു രാമചന്ദ്രൻ സ്വീകരിച്ചത്. എന്നുവെച്ചാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് നിയമവൃത്തങ്ങളിൽപ്പോലും വിശുദ്ധഗ്രന്ഥത്തിന്റെ പരിവേഷമില്ല. അതിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും ആഴത്തിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. കലാപകാരികളെ പ്രകോപിപ്പിച്ചതുകൊണ്ടാണ് ഇസ്ഹാൻ ജഫ്രി കൊല്ലപ്പെട്ടത് എന്ന് ഒരുളുപ്പുമില്ലാതെ എഴുതിവെച്ചിട്ടുണ്ട്, പ്രത്യേക അന്വേഷണ സംഘം. ആരായിരുന്നു കലാപകാരികൾ? ആയുധധാരികളായ പതിനായിരത്തിൽപ്പരം വരുന്ന കലാപകാരികൾ. ഗുൽബർഗയിലെ കടകളും വീടുകളും വ്യാപാരസ്ഥാപനങ്ങളും അവരുടെ ഉടമസ്ഥരെയടക്കം ചുട്ടുചാമ്പലാക്കാനുള്ള കൊലവെറിയോടെ പാഞ്ഞു വന്ന കലാപകാരികളെ ഇസ്ഹാൻ ജെഫ്രി പ്രകോപിപ്പിച്ചതിന്റെ ഫലമായിരുന്നുപോലും തീവെപ്പം അറുപതിൽപ്പരം പേരുടെ കൂട്ടക്കൊലപാതകവും. ഈ സിദ്ധാന്തം സാക്ഷാൽ നരേന്ദ്രമോദിയുടെ വകയാണ്. അദ്ദേഹം പിന്നീടത് നിഷേധിച്ചെങ്കിലും.

ഇതേ പ്രത്യേക അന്വേഷണസംഘം വേറൊരിടത്ത് ഇസ്ഹാൻ ജെഫ്രി ആത്മരക്ഷാർത്ഥമാണ് വെടിവെച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികളെ പ്രകോപിപ്പിച്ച് മരണം ഇരന്നു വാങ്ങിയെന്ന ധ്വനി ഒരിടത്ത്, കൊല്ലപ്പെട്ടയാൾ ആത്മരക്ഷാർത്ഥം വെടിവെച്ചു എന്ന നിഗമനം മറ്റൊരിടത്ത്. ഒരന്വേഷണ റിപ്പോർട്ടിൽത്തന്നെയാണ് പരസ്പരവിരുദ്ധമായ ഈ പരാമർശങ്ങൾ.

ഇതൊക്കെ ഈ നാട്ടിലെ പത്രമാധ്യമങ്ങൾ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ് പി ബി സാവന്തിന്റെയും അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെയും നിരീക്ഷണങ്ങളിൽ നമ്മുടെ ദേശീയ മാധ്യമങ്ങൾ തന്നെയാണ് അച്ചടി മഷി പുരട്ടിയത്. അതിലൊന്നിലും വരാത്ത എന്തു വെളിപ്പെടുത്തലുകളാണ് ബിബിസി ഡോക്യുമെന്ററിയിലുള്ളത്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ പഴുതുകൾ ചൂണ്ടിക്കാണിക്കുന്നതും തെളിവുസഹിതം ആ പഴുതുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നടത്തുന്നതും ഒരുതരത്തതിലും സുപ്രിംകോടതിയുടെ അധികാരത്തെയോ പദവിയെയോ ബാധിക്കുന്ന കാര്യങ്ങളേയല്ല.

ബിജെപിയും മോദിയും ഇന്ത്യാചരിത്രത്തിലൊഴുക്കിയ ചോരപ്പുഴയുടെ ഓർമ്മപ്പെടുത്തലാണ് ബിബിസിയുടെ ഡോക്യുമെന്ററി. ഗുജറാത്തിലെ വംശഹത്യയുടെ ആസൂത്രണവും നിർവഹണവും ഭാവി തലമുറയ്ക്കു വേണ്ടി രേഖപ്പെടുത്തുകയാണ് അവർ ചെയ്തത്. അധികാരം ഉപയോഗിച്ച് നിയമനടപടികളിൽ നിന്നും കോടതി വിചാരണയിൽ നിന്നും മോദിയും സംഘവും രക്ഷപെട്ടിരിക്കാം. പക്ഷേ, ജനങ്ങളുടെ വിചാരണയിൽ നിന്നും അവർക്കൊരിക്കലും രക്ഷപെടാനാവില്ല. ഇന്ത്യയിലെ തെരുവുകളും യുവതയും ആ ചുമതല നിർവഹിച്ചുകൊണ്ടേയിരിക്കും. അവസരം കിട്ടുമ്പോഴൊക്കെ.

Next Story