Top

'ഇഡിയുടെ വിവരാന്വേഷണങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; എന്തും ചെയ്യാനുളള അധികാരം ഭരണഘടന നല്‍കുന്നില്ലെന്ന് തോമസ് ഐസക്

കിഫ്ബിയുടെ വിശ്വാസ്യത നശിപ്പിക്കാൻ വേണ്ടിയുള്ള സംഘടിത പരിശ്രമമാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

10 Oct 2022 6:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡിയുടെ വിവരാന്വേഷണങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; എന്തും ചെയ്യാനുളള അധികാരം ഭരണഘടന നല്‍കുന്നില്ലെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: പ്രഥമദൃഷ്ട്യാ തനിക്കെതിരെ കേസില്ലെന്നിരിക്കെ ഇഡി നടത്തുന്ന വിവരാന്വേഷണങ്ങൾ തന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. അതിനുളള അവകാശം ഇഡിക്ക് ഭരണഘടന നൽകുന്നില്ല. ഇഡി നോട്ടീസ് അയച്ച വിവരം മാധ്യമങ്ങള്‍ വഴി അറിയേണ്ടി വന്നത് ശരിയായില്ലെന്ന് താൻ പ്രതികരിച്ചിരുന്നു. ഇഷ്ടക്കേട് തോന്നിയാൽ എന്തും ചെയ്യാമെന്ന ധാരണ അന്വേഷണ ഏജൻസികൾക്കു വേണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി.

കിഫ്ബി കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ്. ഒരു ധനകാര്യ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത ഏറ്റവും പ്രധാനമാണ്. അതു നശിപ്പിക്കാൻ വേണ്ടിയുള്ള സംഘടിത പരിശ്രമമാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെമ നിയമലംഘനമാണല്ലോ ഇഡിയുടെ അന്വേഷണ വിഷയം. എന്നാൽ രണ്ട് വർഷത്തോളം അന്വേഷിച്ചിട്ടും ഇതുവരെ ഒന്നും അവർക്ക് കണ്ടെത്താനായിട്ടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ഇഡി ചെയ്യേണ്ടിയിരുന്നത് ഫെമയുടെ റെഗുലേറ്ററായ റിസർവ്വ് ബാങ്കിനോട് അഭിപ്രായം ആരായുകയാണ്. കിഫ്ബിക്ക് എൻഒസി നൽകിയിരുന്നോ?. അതിനെ തുടർന്ന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ ബോണ്ടുകൾ ഇറക്കിയത്?. ഈ ബോണ്ട് വഴി സമാഹരിച്ച പണം എങ്ങനെ വിനിയോഗിച്ചൂവെന്നതു സംബന്ധിച്ച് മാസംതോറും കിഫ്ബി റിപ്പോർട്ട് നൽകുന്നുണ്ടോ?. തീർച്ചയായും ഇതിനൊക്കെ ഉത്തരം റിസർവ്വ് ബാങ്കിന് ഉണ്ടാവും. അതു തേടാൻ റിസർവ്വ് ബാങ്കിനെക്കൂടി സ്വമേധായ കോടതി കക്ഷി ചേർത്തിരിക്കുകയാണെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

ഫെമ ലംഘനത്തെ സംബന്ധിച്ച് ഒരു പരാതിയുണ്ട്. സി എജി റിപ്പോർട്ടിലും പരാമർശമുണ്ട്. അതുകൊണ്ട് തങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ അധികാരമുണ്ടെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ വാദിച്ചതെന്ന് തോമസ് ഐസക് പറഞ്ഞു. കോടതി ഇഡിയുടെ നിലപാട് തള്ളിയതിന്റെ ന്യായം എന്തെന്ന് നാളെ പൂർണ്ണവിധി വരുമ്പോൾ അറിയാം. ഇഡിക്ക് നിശ്ചിത വിഷയങ്ങളിൽ അന്വേഷണ അധികാരമുണ്ട് എന്നുവെച്ച് എന്തും ചെയ്യാനാകില്ല എന്ന പരാമർശം അതീവ പ്രാധാന്യമുള്ള ഒന്നാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കി. ഇഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും, കിഫ്ബിയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.STORY HIGHLIGHTS: Thomas Isaac said ED's Inquiries Invasion of Privacy

Next Story