Top

'ഒരു ദിവസമെങ്കിലും ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ വാര്‍ത്ത, അറസ്റ്റ് ചെയ്താല്‍ വിവാദം, അതാണ് അവരുടെ ഗെയിംപ്ലാന്‍'; തോമസ് ഐസക്

'എനിക്ക് ഭയമില്ല, ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണമെന്നാണ് ഇഡിയോടുള്ള അഭ്യര്‍ത്ഥന'

7 Aug 2022 3:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ദിവസമെങ്കിലും ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ വാര്‍ത്ത, അറസ്റ്റ് ചെയ്താല്‍ വിവാദം, അതാണ് അവരുടെ ഗെയിംപ്ലാന്‍; തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഇഡി നടപടിയില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്. തന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണം. വിവാദമാണ് നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന ചോദ്യത്തിനായിരുന്നു, മറ്റ് പരിപാടികളൊന്നും ഇല്ലെങ്കില്‍ തീര്‍ച്ചയായും ഹാജരാകുമെന്ന തോമസ് ഐസകിന്റെ മറുപടി. ബൊഹീമിയന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ദ ട്രൈയല്‍ എന്ന നോവലിനെ ഉദ്ധരിച്ച്, തന്റെ അവസ്ഥയും ഇപ്പോള്‍ അത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. നോവലില്‍ ചിലര്‍ ജോസഫ് കെയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, തുടര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യം അതുപോലെയാണ്, നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം, പക്ഷെ എന്തിനാണെന്ന് പറയേണ്ടതിന്റെ ആവശ്യമില്ല. ഇത്തരം സംഭവങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറാണെന്നും മുന്‍ധനമന്ത്രി പറഞ്ഞു.

'എനിക്ക് ഭയമില്ല, എന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണമെന്നാണ് എനിക്ക് ഇഡിയോടുള്ള അഭ്യര്‍ത്ഥന. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കിഫ്ബിയില്‍ അക്കൗണ്ടുകള്‍ ഉണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങല്‍ ഇഡി ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ വായിച്ചു. കുറച്ചുകൂടി ബഹുമാനത്തോടെ അവര്‍ നമ്മളോട് പെരുമാറണം. എല്ലാ രേഖകളും, അക്കൗണ്ട് ബുക്കുകളും സഹിതം ഹാജരാകണമെന്നാണ് ലഭിച്ചിരിക്കുന്ന നോട്ടീസ്. ഞാന്‍ അക്കൗണ്ട് ബുക്കുകളുമായി ഹാജരാകണമെന്ന്.

ഇഡി നീക്കങ്ങള്‍ കിഫ്ബിക്ക് എതിരാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്കറിയാം, കിഫ്ബി കേരളത്തിലെ ഇടത് സര്‍ക്കാരിന് ശക്തി പകരുന്നുണ്ടെന്ന്. അതിനോടാണ് അവര്‍ക്ക് എതിര്‍പ്പ്. ഇടതുപക്ഷം ബിജെപിക്ക് തലവേദനയാണ്. ഇഡിയെ കൊണ്ടുമാത്രം കിഫ്ബിയെ തകര്‍ക്കാനാകില്ല. അതുകൊണ്ട് കൂടുതല്‍ കേന്ദ്രഏജന്‍സികള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമശ്രദ്ധ കിട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്നെ ചോദ്യം ചെയ്യുക എന്നതാണ്. ഒരു ദിവസമെങ്കിലും ഞാന്‍ ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ അത് വാര്‍ത്തയാകും. എന്നെ അറസ്റ്റ് ചെയ്താല്‍ അത് വലിയ വിവാദമാകും. അതാണ് അവരുടെ ഗെയിം പ്ലാന്‍ എന്നാണ് എനിക്ക് തോന്നുന്നത്', തോമസ് ഐസക് പറഞ്ഞു.

Story Highlights: Thomas Isaac Against Enforcement Directorate's Action

Next Story