Top

'ബോംബിന്റെ വാസന, ദി സ്മെൽ ഡിറ്റക്ടർ, ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ തിരിച്ചറിഞ്ഞില്ല'; ഇ പി ജയരാജനെ പരിഹസിച്ച് തിരുവഞ്ചൂർ

1 July 2022 8:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബോംബിന്റെ വാസന, ദി സ്മെൽ ഡിറ്റക്ടർ, ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ തിരിച്ചറിഞ്ഞില്ല; ഇ പി ജയരാജനെ പരിഹസിച്ച് തിരുവഞ്ചൂർ
X

കോട്ടയം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ബോംബ് എറിഞ്ഞ സ്ഥലത്ത് ബോംബിന്റെ വാസനയുണ്ടായിരുന്നുവെന്ന ഇപിയുടെ വാക്കുകളെയാണ് തിരുവഞ്ചൂർ പരിഹസിച്ചത്. 'ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ല? വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന, പൊലീസ് കൊണ്ട് നടക്കുന്ന ബെൽറ്റിട്ട സ്‌ക്വാഡിനെ അപ്രസക്തരാക്കുന്ന പ്രതിഭാശാലി'എന്നിങ്ങനെയാണ് ഇപിയുടെ വാക്കുകളെ പരിഹസിച്ച് തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചത്.

ബോംബറിഞ്ഞത് കോൺഗ്രീറ്റ് തൂണിനായത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും എന്നാൽ എറിഞ്ഞത് ശക്തമായ ബോംബാണെന്നും സ്റ്റീൽ ബോംബ് ആണെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു ഇപി ജയരാജൻ പറഞ്ഞത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

"ബോംബിന്റെ വാസന, THE SMELL DETECTOR"

ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ല?

വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന,

പോലീസ് കൊണ്ട് നടക്കുന്ന ബെൽറ്റിട്ട സ്‌ക്വാഡിനെ അപ്രസക്തരാക്കുന്ന പ്രതിഭാശാലി.

"ഭൂമി കുലുക്കം" പോലെ അനുഭവപ്പെട്ട പ്രദേശത്ത്, ഇത്തിരിപ്പോന്ന ഒരടയാളം മാത്രം കണ്ട് അത് സ്റ്റീൽ ബോംബായിരുന്നു, ഒന്നല്ല രണ്ട് ബോംബുണ്ടായിരുന്നു എന്ന് ആശങ്കക്ക് വകയില്ലാതെ പ്രസ്താവിച്ച പ്രതിഭാശാലി.

CCTV-യിൽ പോലും പതിയാത്ത "അക്രമി" യുടെ റൂട്ട് മാപ്പും, ആസൂത്രണവും പുറത്ത് വിട്ട തീക്ഷണ ദൃഷ്ടി.

ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടമായത് കാരണം തകർന്ന് വീണില്ല എന്ന പ്രതിഭാശാലിയുടെ പ്രസ്താവനയിൽ ഒന്നുറപ്പിക്കാം, ഊരാളുങ്കൽ അല്ല കെട്ടിട നിർമ്മാണം.

പ്രതിഭാശാലിയോട് ഒരു അപേക്ഷ:

ഒരേറിന് രണ്ട് ബോംബ് പതിക്കുന്ന ആ പ്രതിഭാസം, അതിനെക്കുറിച്ചുള്ള പ്രബന്ധം ഒന്ന് പുറത്ത് വിടണം.

"കവടി നിരത്താൻ ജ്യോൽസ്യനല്ലേ അറിയൂ".

STORY HIGHLIGHTS: Thiruvanchoor Radhakrishnan mocking E P Jayarajan over akg centre attack response

Next Story