Top

'പൂമെത്തയില്‍ പിറന്നുവീണ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നില്ല, പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട നേതാവ്'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'പ്രതിസന്ധികള്‍ നേരിട്ട് മുന്നോട്ട് വന്നിട്ടുള്ള വ്യക്തി എന്ന നിലയില്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ എല്ലാ വികാരങ്ങളും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നയാളായിരുന്നു'

25 Sep 2022 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂമെത്തയില്‍ പിറന്നുവീണ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നില്ല, പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട നേതാവ്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
X

കൊച്ചി: വടക്കെ മലബാറില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ മുന്നണിപ്പോരാളിയായി നിന്ന വ്യക്തിയായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആദര്‍ശ ശുദ്ധിയോട് കൂടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ആര്യാടന്‍ മുഹമ്മദിനെ കേരളം ഒരിക്കലും മറക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

'ആധുനിക കാലഘട്ടത്തിലെ കോണ്‍ഗ്രസിനെ രൂപപ്പെടുത്തുന്ന കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്. എന്നും പുരോഗമന ആശയങ്ങളോട് അദ്ദേഹം കാണിച്ചിട്ടുള്ള പ്രതിബദ്ധത മറക്കാന്‍ കഴിയാത്തതാണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട് മുന്നോട്ട് വന്നിട്ടുള്ള വ്യക്തി എന്ന നിലയില്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ എല്ലാ വികാരങ്ങളും പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരാളാണ് അദ്ദേഹം.

ആഴത്തിലുള്ള നിയമപാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവുകളായിരുന്നില്ല ഇത്, എല്ലാം വായനയിലൂടെയും അനുഭവങ്ങളിലൂടെയും നേടിയവയായിരുന്നു. തൊഴിലാളികളുടെ ഭാഗത്ത് നിന്ന് നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ അദ്ദേഹത്തെ എന്നും മനസില്‍ പതിപ്പിച്ചു.

നിലപാടുകളുടെ കാര്യത്തില്‍ വളരെ ശക്തമായി അടിയുറച്ച് നില്‍ക്കുന്ന വ്യക്തിയായിരുന്നു ആര്യാടന്‍ മുഹമ്മദ്. അദ്ദേഹത്തിന്റെ പശ്ചാത്തലം അതായിരുന്നു. പൂമെത്തയില്‍ പിറന്നുവീണ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നില്ല അദ്ദേഹം. കഷ്ടപ്പെട്ടും പ്രയാസങ്ങള്‍ അനുഭവിച്ചും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചും തൊഴിലാളികളുടെ നേതാവായും ഉയര്‍ന്ന് വന്നയാണ് ആര്യാടന്‍ മുഹമ്മദ്. സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍ ജനങ്ങളില്‍ നിന്ന് അകന്നുപോകുന്ന ചില ആളുകളുണ്ട്. പക്ഷെ ആര്യാടന്‍ മുഹമ്മദ് നേരെ തിരിച്ചായിരുന്നു', തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓര്‍മ്മിച്ചു.

ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ അന്ത്യം. രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇ കെ നയനാര്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. മികച്ച സമാചികനെന്ന് വിശേഷണമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, കോണ്‍ഗ്രസിലെ പല തന്ത്രപ്രധാന നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

Story Highlights: Thiruvanchoor Radhakrishnan About Aryadan Muhammed

Next Story