Top

'തിങ്കളാഴ്ച ഹാജരാകണം'; പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

ഇന്നലെയാണ് നോട്ടീസ് നല്‍കിയത്

4 Jun 2022 2:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിങ്കളാഴ്ച ഹാജരാകണം; പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്
X

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.

നേരത്തെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ ദിവസം ഫോര്‍ട്ട് പൊലീസിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് മറുപടി നല്‍കിയ പി സി ജോര്‍ജ് അന്ന് ബിജെപി വേദികളിലെത്തിയിരുന്നു. അന്ന് തൃക്കാക്കരയില്‍ എത്തിയ പി സി ജോര്‍ജ് രണ്ടാമത്തെ കേസിന് ആധാരമായ വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തിലായിരുന്നു അദ്യം എത്തിയത്. ക്ഷേത്ര ഭാരവാഹികളുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് പിന്നാലെ എന്‍ഡിഎ പ്രചാരണ പരിപാടികളിലും പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെ പൊലീസ് നിര്‍ദ്ദേശിക്കുന്ന ഏത് സമയത്തും ഹാജരാകാമെന്നും 29ാം തീയതി ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്‌നങ്ങളുമാണെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു. തിരുവനന്തപരും പൊലീസിന് മുന്നില്‍ ഹാജരാവാന്‍ തനിക്ക് നിരന്തരം നോട്ടീസ് വന്നിരുന്നുവെന്നും ഞായറാഴ്ച പള്ളിയില്‍ പോവേണ്ട ദിവസമാണെന്ന് പൊലീസുകാര്‍ക്ക് അറിയില്ലേയെന്നും പി സി ജോര്‍ജ് പരസ്യ പ്രതികരണം നടത്തിയിരുന്നു.

വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് ജാമ്യ ഉപാധികളുടെ ലംഘനമല്ലെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

പൊലീസിന് മുന്നില്‍ ഹാജരാകാതെ അന്വേഷണവുമായി സഹകരിക്കാത്ത പി സി ജോര്‍ജിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

STORY HIGHLIGHTS: Thiruvanathapuram Fort Police Summons PC George again in Hate speech case

Next Story