Top

കാത്തിരിപ്പിന് വിരാമം; തിരുവനന്തപുരം ലുലുമാള്‍ ഡിസംബര്‍ 17ന്; ഉദ്ഘാടനം മുഖ്യമന്ത്രി

80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ് സെന്റര്‍ മാളില് ഒരുക്കിയിട്ടുണ്ട്.

8 Nov 2021 1:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാത്തിരിപ്പിന് വിരാമം; തിരുവനന്തപുരം ലുലുമാള്‍ ഡിസംബര്‍ 17ന്; ഉദ്ഘാടനം മുഖ്യമന്ത്രി
X

കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോപ്പിങ് മാള്‍ ഡിസംബര്‍ 17ന് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുമെന്ന് എംഎ യൂസഫലി. തിരുവനന്തപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയായ മാള്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തുറന്ന് കൊടുക്കുന്നത്. ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ ആണ് മാളിന്റെ രൂപകല്‍പന ചെയ്തത്. രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം പുതിയ ലുലുമാള്‍ നിര്‍മ്മിച്ചിട്ടുളളത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം.

ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകള്‍, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ് സെന്റര്‍, 2500 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വിശാലമായ ഫുഡ് കോര്‍ട്ട്, 3500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുളള മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം എന്നിവ മാളിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്. മാളില്‍ ഓപ്പണ്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്.

ഗതാഗത തടസ്സമില്ലാതെ മാളിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമായി പാര്‍ക്കിങ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിങ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനങ്ങളും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ശശി തരൂര്‍ എംപി, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുളള ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Next Story