Top

'പാര്‍ട്ടിയും ജി സുധാകരനും തമ്മില്‍ പ്രശ്‌നങ്ങളില്ല'; പാർട്ടി കോണ്‍ഗ്രസിലേക്ക് പകരം പ്രതിനിധിയെത്തുമെന്ന് കോടിയേരി

ജനങ്ങളെ കൊള്ളയടിച്ച് ബിജെപി അക്കൗണ്ട് നിറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

2 April 2022 3:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടിയും ജി സുധാകരനും തമ്മില്‍ പ്രശ്‌നങ്ങളില്ല;  പാർട്ടി കോണ്‍ഗ്രസിലേക്ക് പകരം പ്രതിനിധിയെത്തുമെന്ന് കോടിയേരി
X

തിരുവനന്തപുരം: പാര്‍ട്ടിയും ജി സുധാകരനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സുധാകരന് പകരം പ്രതിനിധിയെ നിശ്ചയിച്ചു. ഇതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ കൊള്ളയടിച്ച് ബിജെപി അക്കൗണ്ട് നിറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എണ്ണ കമ്പനികള്‍ നിശ്ചയിക്കുന്ന വില ഒപ്പിട്ടു കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് അനുകൂല നയങ്ങളുമായി പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഒഴിവാക്കുകയും ചെയ്യുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ബിജെപിയുമായി ഒത്തുചേര്‍ന്ന് കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ പെട്രോളിന് വില കൂടുതലാണ്. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി എന്ത് പറയുന്നോ അത് ഏറ്റുപറയുകയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കോടിയേരി വിമർശിച്ചു. വിലക്കയറ്റത്തിന് കോണ്‍ഗ്രസും ബിജെപിയുമാണ് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് ബിജെപി നയമെന്ന് കോടിയേരി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് വില വര്‍ധിപ്പിച്ചില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കിയാല്‍ മാത്രമെ ഇന്ധന വില വര്‍ധനവിന് അറുതിയുണ്ടാകൂ എന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: there are no problems between G Sudhakaran and CPIM says Kodiyeri balakrishnan

Next Story