Top

'റോഡ് ഏതാ? തോട് ഏതാ?'; കുഴിയടച്ചില്ലെങ്കില്‍ മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്ന് യൂത്ത് ലീഗ്

സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നത് നിര്‍ത്തി റോഡുകളുടെ അവസ്ഥ പരിഹരിക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

8 Aug 2022 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡ് ഏതാ? തോട് ഏതാ?; കുഴിയടച്ചില്ലെങ്കില്‍ മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്ന് യൂത്ത് ലീഗ്
X

കോഴിക്കോട്: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസേബുക്കിൽ കുറിച്ചു. എന്നാല്‍, സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നത് നിര്‍ത്തി റോഡുകളുടെ അവസ്ഥ പരിഹരിക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

ദേശീയപതാകളിലെ കുഴി നികത്താത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കോഴിക്കോട് മീഞ്ചന്തയില്‍ മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ജീവൻ നഷ്ടമായതോടെയാണ് ലീ​ഗിന്റെ പ്രതിഷേധം. നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് സ്കൂട്ടർ യാത്രികന് അപകടമുണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ്യ'യുടെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഇതിനുപുറമെ സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികളും കുഴിയിൽ വീണ് പരുക്കേറ്റിരുന്നു.

ദേശീയപാതയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പ്രയാസമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ പിഡബ്ല്യൂഡിയുടെ ദേശീയപാത വിഭാഗം അത് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് റോഡുകളിലെ കുഴി പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടണമെന്നാണ്. കോടതി പറഞ്ഞ കാര്യം നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദേശിക്കുന്നത്. കുഴി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം റണ്ണിംഗ് കോണ്‍ട്രാക്ടാണെന്ന് മന്ത്രി റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍: ''ഇനിയും ഇവിടുത്തെ ദേശീയപാതയുമായി ബന്ധപ്പെട്ട റോഡില്‍ അറ്റകുറ്റ പണി നടത്തുന്നതിന് പ്രയാസമുണ്ടെന്ന് ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അറിയിച്ചാല്‍ പിഡബ്ല്യൂഡിയുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ടാല്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. കേരളത്തിലെ റോഡുകള്‍ എന്‍എച്ച്എയ്ക്ക് കരാറുകാരെ കൊണ്ട് ചെയ്യിക്കാന്‍ പ്രയാസമുണ്ടെങ്കില്‍, മറ്റ് ബുദ്ധിമുട്ടുണ്ടെങ്കില്‍ പിഡബ്ല്യൂഡിയുടെ ദേശീയപാത വിഭാഗം അത് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണ്. കാരണം സര്‍ക്കാരിനെ സംബന്ധിച്ച് പ്രശ്‌നം പരിഹരിക്കണം.'' ഇതിനെതിരായാണ് ഇപ്പോൾ മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വാചകക്കസർത്ത് കൊണ്ടോ മന്ത്രിയുടെ ഇൻസ്റ്റാഗ്രാമിലെ റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല. റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന തല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ തന്നെ നിർവ്വഹിച്ചു.

Story highlights: The youth league leader said that Muhammad Riaz will be stopped on the way if he does not fill the hole

Next Story