Top

'ആ നാടകത്തില്‍ പങ്കുചേരാന്‍ ഞങ്ങളില്ല'; മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ടെന്ന് വി ഡി സതീശന്‍

സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്

17 Sep 2022 2:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ നാടകത്തില്‍ പങ്കുചേരാന്‍ ഞങ്ങളില്ല; മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ടെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുളള പോര് നാടകമെന്ന് വിഡി സതീശന്‍. നേരത്തെ സര്‍ക്കാരും ഗവര്‍ണ്ണറും ഒരുമിച്ചാണ് ക്രമക്കേട് നടത്തിയത്. അപ്പോള്‍ ഇവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ഇവരുടെ നാടകത്തില്‍ തങ്ങള്‍ പങ്കുചേരില്ലെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനം ഭരണഘടനാ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോള്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യാതിരിക്കുമ്പോള്‍ ബിജെപി, ആര്‍എസ്എസ് വക്താവുമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. സിപിഐഎമ്മിനും ബിജെപിക്കുമിടയില്‍ ഇടനിലക്കാരുള്ളത് പോലെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ട്. ഇക്കാര്യം പ്രതിപക്ഷം നേരത്തെ സൂചിപ്പിച്ചതാണ്. ഇപ്പോള്‍ അത് ശരിയായെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ഇവയില്‍ ഗവര്‍ണ്ണര്‍ ഒപ്പിടരുതെന്നുതന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശന്‍ വ്യക്തമാക്കി. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവര്‍ണ്ണര്‍ ഒപ്പിടുകയായിരുന്നു. ഇപ്പോള്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണെന്നും പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: The war between the government and the governor is a drama; said V D Satheeshan

Next Story