Top

ഒടുവില്‍ കടുവയെ കണ്ടെത്തി

ഇന്നും കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നു

18 Dec 2021 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവില്‍ കടുവയെ കണ്ടെത്തി
X

വയനാട് കുറുക്കന്മൂലയിലെ കടുവയെ കണ്ടെത്തി. 21 ദിവസത്തിനു ശേഷമാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നും കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നു. കുറുക്കന്‍ മൂല പിഎച്ച്സിക്ക് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. രാവിലെ കടന്നുപോയ നിലയിലാണ് കാല്‍പ്പാടുകള്‍.

ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാവിലെ മുതല്‍ ഫോറസ്റ്റ് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയാണ് കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 'വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല, ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും നാട്ടുകാര്‍' ആരോപിച്ചു. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ നഗരസഭാ കൗണ്‍സിലറെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. ഇതിനിടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മിലായിരുന്നു കയ്യാങ്കളി.

Next Story