Top

ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രൻ കൊലക്കേസ്; രണ്ടാംപ്രതി തൂങ്ങി മരിച്ച നിലയില്‍

12 Jun 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രൻ കൊലക്കേസ്; രണ്ടാംപ്രതി തൂങ്ങി മരിച്ച നിലയില്‍
X

കൊല്ലം: ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ രാണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍. ഏരൂര്‍ പടത്തി സ്വദേശി പത്മലോചനനെയാണ് വീടിന് സമീപത്തെ വയലിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം അഞ്ചല്‍ ഏരിയ കമ്മറ്റിയംഗവും കര്‍ഷക സംഘം അഞ്ചല്‍ ഏരിയ സെക്രട്ടറിയുമാണ് പത്മലോചനന്‍.

കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. പത്മലോചനന് തിരുവനന്തപുരം സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

2010 ഏപ്രില്‍ 10നാണ് ഏരൂര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന രാമഭദ്രന്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ കയറിയ അക്രമി സംഘം ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ടാണ് രാമഭദ്രനെ കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് വിവാദങ്ങളെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് സിപിഐഎം നേതാക്കളെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാമഭദ്രന്റെ ഭാര്യ വി എസ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ സിബിഐക്ക് അന്വേഷണം കൈമാറാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് 21 സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം ലഭിച്ചു.

STORY HIGHLIGHTS: The second accused in the murder case of the INTUC leader has been found hanged

Next Story