Top

യുവനടിമാർക്ക് നേരെയുണ്ടായ അതിക്രമം: പൊലീസ് കേസെടുത്തു

28 Sep 2022 7:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവനടിമാർക്ക് നേരെയുണ്ടായ അതിക്രമം: പൊലീസ് കേസെടുത്തു
X

കോഴിക്കോട്: സിനിമാ പ്രൊമോഷന്റെ ഭാഗമായി ഹൈലെറ്റ് മാളിലെത്തിയ യുവനടിമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പൊലീസ് കേസെടുത്തു. പന്തീരങ്കാവ് പൊലീസാണ് ഒരു നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ഡെപ്യൂട്ടി കമ്മീഷണർ മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സിനിമയുടെ നിർമാതാക്കളും ഇ-മെയിൽ വഴി പരാതി പന്തീരാങ്കാവ് പോലീസിന് അയച്ചിരുന്നു. പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്നാണ് നടി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും പറയുന്നു. നടിമാരിലൊരാള്‍ അതിക്രമം നടത്തിയെ ആള്‍ക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.

സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷനായായിരുന്നു ഇവര്‍ ഹൈലെറ്റ് മാളിൽ എത്തിയത്. അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ കണ്ണൂരും മറ്റൊരാൾ എറണാകുളത്തുമാണ് താമസിക്കുന്നത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി വനിതാ സിഐമാർ കണ്ണൂരിലും എറണാകുളത്തും എത്തിയിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസെടുത്തത്.

സിനിമാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് അതിക്രമത്തെ അപലപിച്ച് രംഗത്ത് വന്നത്. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story