Top

ഗോവ, മഹാരാഷ്ട്ര, കര്‍ണാടക; പിപിഇ കിറ്റിട്ട് മോഷ്ടിച്ച കോട്ടത്തല രാജേഷ് പണം ചെലവിടുന്നത് ആഡംബര ജീവിതത്തിന്‌

മെഡിക്കൽ ഷോപ്പിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൽ പരിശോധിച്ചതോടെയാണ് പ്രതിയുടെ വിവരം ലഭിച്ചത്

26 Sep 2022 12:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോവ, മഹാരാഷ്ട്ര, കര്‍ണാടക; പിപിഇ കിറ്റിട്ട് മോഷ്ടിച്ച കോട്ടത്തല രാജേഷ് പണം ചെലവിടുന്നത് ആഡംബര ജീവിതത്തിന്‌
X

തൃശൂർ: ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ. കോട്ടത്തല രാജേഷ് എന്ന അഭിലാഷ് (40) ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ആഗസ്റ്റ് 29 ന് ചാവക്കാട് ആശുപത്രിപ്പടിയിലെ വി കെയർ മെഡിക്കൽസിലാണ് കവർച്ച നടന്നത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്ത് 1.80 ലക്ഷം രൂപ കവരുകയായിരുന്നു. ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

മെഡിക്കൽ ഷോപ്പിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൽ പരിശോധിച്ചതോടെയാണ് പ്രതിയുടെ വിവരം ലഭിച്ചത് . സിസിടിവിയിൽ നിന്നും പ്രതിയുടെ വ്യക്തമല്ലാത്ത രൂപം ലഭിച്ചതോടെ ഫിങ്കർ പ്രിന്റ്, ഡോ​ഗ് സ്ക്വാഡ്, ഫോറൻസിക് എന്നിവരുടെ സഹായത്താൽ പ്രതി സഞ്ചരിച്ച മാർഗ്ഗം കണ്ടെത്തുകയും അന്വേഷണ സംഘം സംസ്ഥാനത്തേയും, അന്യ സംസ്ഥാനങ്ങളിലേയും സമാന കുറ്റ കൃത്യങ്ങളിൽ എർപ്പെട്ട കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു.

ഇയാൾ മോഷണ സമയത്ത് മുഖം മറക്കുന്ന രീതിയിൽ മങ്കി ക്യാപ്പ്, മാസ്ക് എന്നിവയും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും, ആളെ തിരിച്ചറിയാതിരിക്കാൻ പിപിഇ കിറ്റും ധരിച്ചിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സമീപ ജില്ലകളിലെ പൊലീസിന് അയച്ചുകൊടുത്തതോടെ നൂറിലധികം മോഷണം നടത്തുകയും പത്ത് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത അഭിലാഷാണ് ഇതെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് പ്രതി എറണാകുളം നോർത്ത് മേൽപാലത്തിന് സമീപമുള്ള ലോഡ്ജിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചത്. ഇതോടെ ഇവിടെയെത്തിയ പോലീസ് സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.

മോഷ്ടിച്ച തുക ​ഗോവ, മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ആഡംബര ജീവിതത്തിനായി ചെലവഴിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആദിത്യ ഐപിഎസ്, ഗുരുവായൂർ എസിപി കെജി സുരേഷ് എന്നിവരുടെ നിർദ്ദേശാനുസരണം ചാവക്കാട് ഐഎസ്എച്ച്ഒ വിപിൻ കെ വേണുഗോപാലിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എഎസ്ഐ സജീവൻ, എസ്‌സിപിഒമാരായ ഹംദ്, പ്രജീഷ്, സിപിഒമാരായ മെൽവിൻ, ജയകൃഷ്ണൻ, ആഷിഷ്, പ്രദീപ്, ജെവി വിനീത്, അഖിൽ അർജുൻ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തൃശൂർ, എറണാകുളം, കൊല്ലം , മലപ്പുറം, പാലക്കാട്, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: The person who committed theft in Chavakkad medical shop wearing PPE kit was arrested

Next Story

Popular Stories