Top

സ്ഥിരം ക്ഷണിതാവാണെങ്കിലും പങ്കെടുത്തേക്കില്ല; സിപിഐഎം രൂപീകൃതമായതിന് ശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനം

കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങി പോന്ന 32 നേതാക്കളിൽ ഇന്ന് ജീവിക്കുന്ന രണ്ടു പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. തുടർന്ന് നടന്ന എല്ലാ പാർട്ടി സംസ്ഥാന സമ്മേളനങ്ങളിലും സാന്നിധ്യമായിരുന്നു.

27 Feb 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ഥിരം ക്ഷണിതാവാണെങ്കിലും പങ്കെടുത്തേക്കില്ല; സിപിഐഎം രൂപീകൃതമായതിന് ശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനം
X

സിപിഐഎം രൂപീകൃതമായതിന് ശേഷം മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ പങ്കെടുക്കാത്ത സമ്മേളനമാണ് എറണാകുളത്ത് നടക്കുന്നത്. സ്ഥിരം ക്ഷണിതാവാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം വി എസ് പങ്കെടുത്തേക്കില്ലെന്നാണ് വിവരം. വ്യതിയാനങ്ങളില്ലാത്തതും കൃത്യമായ ദിശാബോധവും ഉണ്ടായിരുന്ന നേതാവിന്റെ അസാന്നിധ്യം തന്നെയായിരിക്കും ഇത്തവണ സമ്മേളനത്തിന്റെ പ്രത്യേകത.

കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങി പോന്ന 32 നേതാക്കളിൽ ഇന്ന് ജീവിക്കുന്ന രണ്ടു പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. തുടർന്ന് നടന്ന എല്ലാ പാർട്ടി സംസ്ഥാന സമ്മേളനങ്ങളിലും സാന്നിധ്യമായിരുന്നു. നിലവിൽ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം. പ്രായം 98 ആയെങ്കിലും ഇന്നും പ്രത്യേയ ശാസ്ത്രത്തിൽ ഊന്നിയ വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളാണ് വിഎസിന്റേത്. നിലപാടുകളിലെ കാർക്കശ്യവും തെളിമയുമാണ് വി എഎസ്. സാന്നിധ്യം കൊണ്ടു അതിലേറെ അസാന്നിധ്യം കൊണ്ടും സിപിഐഎമ്മിൻ്റെ അജണ്ട കഴിഞ്ഞ 30 വർഷക്കാലമത്രയും വിഎസിനെ കേന്ദ്രീകരിച്ചായിരുന്നു നിർണയിക്കപ്പെട്ടിരുന്നത്.

2006ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട വിഎസ് മുഖ്യമന്ത്രിയായത് മറ്റൊരു ചരിതം. വി എസ് എന്ന് കേൾക്കുമ്പോൾ ആരാധനയോടെ ഇളകി മറിയുന്ന ആരാധക വൃന്ദം പാർട്ടിയിൽ അതൃപ്തി പടർത്തിയിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരിൽ വി എസിനെയും പിണറായി വിജയനെയും 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയില് നിന്നും മാറ്റിനിർത്തി. പിണറായി പോളിറ്റ് ബ്യൂറോയില് തിരികെ എത്തിയെങ്കിലും വി എസ് പിന്നീട് പരിഗണിക്കപ്പെട്ടില്ല. പാർട്ടി അച്ചടക്കം നിരന്തരം ലംഘിച്ചെങ്കിലും വി എസിന് പ്രത്യേക പരിഗണന നൽകി ഒപ്പം നിർത്താനാണ് നേതൃത്വം എക്കാലവും ശ്രമിച്ചിട്ടുള്ളത്.

2015 ല്‍ സ്വന്തം നാടായ ആലപ്പുഴയില്‍ സമ്മേളനം ബഹിഷ്കരിച്ച് വേദിയില്‍ നിന്ന് മൂന്നുകിലോ മീറ്ററകലെയുള്ള വീട്ടിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും മടങ്ങുന്ന വിഎസിനെയും കേരളം കണ്ടിട്ടുണ്ട് .2018 ല്‍ തൃശൂരിലെത്തിയപ്പോള്‍ നേതൃത്വവുമായി സൗഹാര്‍ദത്തിലായ വിഎസും അത്ഭുതമായിരുന്നു. ഇത്തവണ സമ്മേളനം എറണാകുളത്തെത്തുമ്പോള്‍ വിഭാഗീയതയുടെ നിഴല്‍പോലും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. അത് വിഎസ് എത്താത്തതു കൊണ്ടുമാത്രമല്ലെന്നും വ്യക്തമാണ്.

അതേസമയം തുടർ ഭരണത്തിൻ്റെ പ്രൗഡിയിലാണ് ഇത്തവണത്തെ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നത്. കൊച്ചി റൈൻഡ്രൈവിൽ ബി രാഘവൻ നഗറാണ് സമ്മേളനവേദി. മാർച്ച് ഒന്നിന് ആരംഭിച്ച് നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 450 ഓളം പ്രതിനിധികളാണ് പങ്കെടുക്കുക.

Story Highlights : cpim leader VS Achuthanandan did not attend since the formation of the CPI (M)

Next Story