മൊബൈല്‍ ഫോണ്‍ ടവര്‍ കടത്ത്; മുഖ്യ പ്രതി പിടിയില്‍
മുംബൈ ആസ്ഥാനമായുള്ള ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ച ടവറുകളാണ് സംഘം കടത്തിയത്
6 Feb 2023 4:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട്: മൊബൈല്‍ ഫോണ്‍ ടവര്‍ കവര്‍ച്ചാ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സേലം സ്വദേശി ജി കൃഷ്ണകുമാറാണ്(46) അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് മോഷണം പോയത്. മുംബൈ ആസ്ഥാനമായുള്ള ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ച ടവറുകളാണ് സംഘം കടത്തിയത്.
പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ മോഷ്ടാക്കള്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണു കമ്പനിയുടെ പരാതി. 2018ല്‍ വലിയ രീതിയില്‍ നഷ്ടമുണ്ടായ കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥാപിച്ച ടവറുകള്‍ നിരീക്ഷിച്ചിരുന്ന കമ്പനി തന്നെയാണ് ടവറുകള്‍ മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ട് നിന്ന് മാത്രം കമ്പനിയുടെ ഏഴ് ടവറുകള്‍ മോഷണം പോയതായി കണ്ടെത്തിയത്. ലോക്ഡൗണ്‍ സമയത്ത് ടവറുകളെക്കുറിച്ച് കൃത്യമായി അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഈ അവസരം മുതലെടുത്താണ് പ്രതികള്‍ ഇതെല്ലാം കടത്തിക്കൊണ്ടുപോയെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്.
ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വില വരുമെന്നും കോടികളുടെ മോഷണമാണ് നടന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. കസബ പൊലീസാണ് അന്വേഷണം നടത്തുന്നത്.
STORY HIGHLIGHTS: The main suspect in the mobile phone tower robbery gang has been arrested
- TAGS:
- Palakkad
- Mobile Tower
- Arrested