Top

'ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണം': ഹൈക്കോടതി

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പ്പിരിവ് കാരണം ഗതാഗത തടസം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയുളള അപ്പീലിലാണ് കോടതി നിര്‍ദേശം നല്‍കിയത്

19 March 2023 12:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണം: ഹൈക്കോടതി
X

കൊച്ചി: ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പ്പിരിവ് കാരണം ഗതാഗത തടസം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയുളള അപ്പീലിലാണ് കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം.

പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണനാണ് അപ്പീല്‍ നല്‍കിയത്. 2021 മേയ് 24ന് ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം. ഗതാഗത തടസമില്ലാതെ ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ എങ്ങനെ കടത്തിവിടാമെന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം എന്നാണ് വ്യവസ്ഥ. വാഹനങ്ങള്‍ 100 മീറ്ററിനുള്ളില്‍ എത്തുന്നതുവരെ ഇത് തുടരുകയും വേണം. ഇതിനായി എല്ലാ ടോള്‍ ലെയിനിലും ടോള്‍ ബൂത്തില്‍നിന്ന് 100 മീറ്റര്‍ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധം ടോള്‍ പ്ലാസയില്‍ പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്.

STORY HIGHLIGHTS: The High Court has suggested that the central government should consider implementing the guidelines of the National Highways Authority

Next Story