Top

വർക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

സംഘടനയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തൽ.

28 March 2022 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വർക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
X

തിരുവനന്തപുരം: വർക്കല ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് എന്ന സംഘടനയുടെ ദക്ഷിണ മേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കം ആറു പേരെയാണ് കോടതി വെറുതെവിട്ടത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.

അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2009 സെപ്തംബര്‍ 23നാണ് പ്രഭാത സവാരിക്കിറങ്ങിയ വർക്കല ശിവപ്രസാദിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അയിരൂര്‍ സർക്കാർ യുപി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ശിവപ്രസാദിന്‍റെ കഴുത്തിന് വെട്ടേറ്റതാണ് മരണത്തിന് കാരണമായത്.

സംഘടനയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തൽ. പ്രതികൾക്ക് കൊല്ലപ്പെട്ട ശിവപ്രസാദിനോട് മുൻ വൈരാ​ഗ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഡിഎച്ച്ആര്‍എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2009 ഡിസംബര്‍ 23നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

കേസിൽ പ്രതിയായിരുന്ന മുകേഷ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുമായി ഒളിവില്‍ പോയിരുന്നു. മുകേഷിനേയും 11ാം പ്രതി സജീവിനേയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാഷിം ബാബു, അഡ്വക്കേറ്റ് ഡിജി റെക്സ് എന്നിവര്‍ ഹാജരായി. അസിസ്റ്റന്‍റ് കമീഷണര്‍ പി അനില്‍കുമാര്‍, സിഐ സി മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

STORY HIGHLIGHTS: High Court aquitted six accused in the Varkala Sivaprasad murder case


Next Story