Top

'മതരാഷ്ട്രവാദികൾക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ട'; ബാലുശ്ശേരിയിലെ ആക്രമണത്തിൽ ഡിവൈഎഫ്ഐ

23 Jun 2022 6:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മതരാഷ്ട്രവാദികൾക്കെതിരായ പോരാട്ടത്തെ  ദുർബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ട; ബാലുശ്ശേരിയിലെ ആക്രമണത്തിൽ ഡിവൈഎഫ്ഐ
X

കോഴിക്കോട്: ബാലുശ്ശേരിയിൽ ‍ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രസ്താവന പങ്കുവച്ചത്. മതരാഷ്ട്ര വാദികൾക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുർബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ടെന്നും, ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.

എസ്ഡിപിഐ പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐഎം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ഡിവൈഎഫ്ഐ പറഞ്ഞു.

വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതല്‍ മൂന്നര വരെ സംഘം തന്നെ മര്‍ദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. ജിഷ്ണുവിന്റെ പിറന്നാളാഘോഷം കഴിഞ്ഞ് കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ് ഇവർ ആക്രമിച്ചത്. എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ചായിരുന്നു മർദ്ദനം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിൽ 29 എസ്ഡിപിഐ, മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ബാലുശേരി പൊലീസ് കേസെടുത്തു. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണരൂപം:

ബാലുശ്ശേരിയിലെ എസ്ഡിപിഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് dyfi സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ, എസ്ഡിപിഐ മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു ( 24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച .കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു.

മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത് SDPI പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐ (എം) നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മതരാഷ്ട്ര വാദികൾക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുർബലപ്പെടുത്താമെന്ന് SDPI കരുതേണ്ട. ഇത്തരം ഗുണ്ടായി സത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

STORY HIGHLIGHT: The DYFI state committee has called for a state-wide protest against the beating of a DYFI activist in Balussery by SDPI activists.

Next Story