'തടവുകാരെ ഇനി പറന്ന് നിരീക്ഷിക്കും'; ജയിലുകളിലെ സുരക്ഷക്ക് ഡ്രോണ്‍ ഉപയോഗിക്കും
ജയിലുകളില്‍ തടവുകാരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ല.
11 Oct 2021 2:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരെ നിരീക്ഷിക്കാനും സുരക്ഷക്കുമായി ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയിലായ ചീമേനി ജയില്‍, നെട്ടുകല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
ജയിലുകളില്‍ തടവുകാരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ല. അതിനാലാണ് ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ജയിലിനകത്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ജയിലിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ ബോഡി സ്കാനര്‍ ഏര്‍പ്പെടുത്താനും ആലോചനയിലുണ്ട്. പരോള്‍ കഴിഞ്ഞ് മടങ്ങി വരുന്ന തടവുകാര്‍ കഞ്ചാവ് അടക്കമുളളവ കടത്തുന്നത് പിടികൂടാന്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നതിലൂടെ കഴിയും.
ജയിലുകള്‍ക്ക് കീഴില്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും ആലോചനയിലുണ്ട്. ഇതിനായി പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായം തേടും. നിലവില്‍ പൊലീസിന് കീഴില്‍ ഇന്റലിജന്‍സ് വഭാഗമില്ല വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് സിറ്റി പൊലീസ് ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയിരുന്നത്. അത്കൊണ്ടു തന്നെ 55 ജയിലുകളിലും മൂന്ന് പേര് വീതമുളള ഇന്റലിജന്‍സ് സംവിധാനമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ജയില്‍ മേധാവി ആഭ്യന്തര വകുപ്പിന് കൈമാറും.